2017, ജൂലൈ 9, ഞായറാഴ്‌ച

ശ്രീ. സെൻകുമാറിനോട് പറയാനുള്ളത്.

ശ്രീ സെൻകുമാറിന് അദ്ദേഹത്തിന്റെ പരാമർശങ്ങൾക്ക് മറുപടി പറയുക എന്നത് തന്നെ ഒരു ഭ്രാന്താണ് എന്നാണ് എന്റെ പല സുഹൃത്തുക്കളുടെയും അഭിപ്രായം. ശരിയായിരിക്കാം. അദ്ദേഹം ഇത്രയും അജ്ഞനാണ് എന്ന് വിശ്വസിക്കാൻ എനിക്കും പ്രയാസമുണ്ട്. എന്നാൽ നിത്യജീവിതത്തിൽ പലയിടത്ത് നിന്നായി സമാനമായ പല ആരോപണങ്ങളും ഉയർന്ന് കേട്ടിട്ടുണ്ട്. മതപ്രബോധനം എന്നതിന് ഇപ്പോൾ ഒരൊറ്റ വ്യാഖ്യാനമേ ഉള്ളൂ മതം മാറ്റൽ, അത് മുസ്ലിം സംഖ്യകൂട്ടാനുള്ള ബോധപൂർവ്വമായ പ്രവർത്തനമാണ്. അങ്ങനെ കൂടിയാലോ മുസ്ലികളല്ലാത്തവർക്ക് ഇവിടെ ജീവിക്കാൻ സാധ്യമല്ല. ഒന്നുകിൽ പലായനം ചെയ്യേണ്ടിവരും അല്ലെങ്കിൽ കൂട്ടകൊലക്ക് ഇരയാകും. സൌദിയിലൊന്നും മുസ്ലികളല്ലാത്ത ആരും ഇല്ലാത്തത് അതുകൊണ്ടല്ലേ. ഈ പൊതുബോധം ഭരണകൂടത്തെയാകെ ഗ്രസിച്ചതുകൊണ്ടാണ്. എം.എം അക്ബറും സാക്കിർനായിക്കുമൊക്കെ ഭീകരൻമാരാകുന്നത്. ഇത് ഇവിടെ പരാമർശിക്കപ്പെട്ട വ്യക്തി അറിയുമോ വായിക്കുമോ എന്നൊന്നും പ്രശ്നമല്ല. എനിക്കിപ്പോൾ ഈ വിഷയത്തിൽ ചെയ്യാനാവുന്നത് ഇത്രമാത്രം. അത് ഞാൻ ചെയ്യുന്നു.  ഇത്തരം കാര്യങ്ങൾ പറയാൻ വേണ്ടി തന്നെയാണ് ഒരു കാലത്ത് ഈ ബ്ലോഗ് ഇവിടെ നിർമിച്ചത്. പക്ഷെ അന്ന് സൈബർ മേഖലയിലെ ചില യുക്തിവാദികൾ മാത്രമായിരുന്നു ഉന്നം. അവരെ വായിക്കുന്നവരും. എന്നാൽ ഇന്ന് അവരുടെ അതേ ചിന്താഗതി വച്ച് പുലർത്തുന്നവർ വർദ്ധിച്ച സാഹചര്യത്തിൽ ഇവിടെ കാലങ്ങൾക്ക് ശേഷം ഒരു പോസറ്റ് ഇടുകയാണ്. വിയോജിപ്പ് അറിയിക്കാനുള്ള അവസരം കമന്റ് ബോക്സിൽ ഉപയോഗപ്പെടുത്താം .....

*************************

മുൻ ഡി.ഐ.ജി. ടി.പി സെൻകുമാറിന്റെ അഭിമുഖത്തിലെ വാക്കുളിൽ ഒരു സാധാരണ മുസ്ലിമിന് തോന്നുന്ന പ്രതികരണവും ആശങ്കയും അൽപം മറുചോദ്യവും. ബ്രാക്കറ്റിൽ നൽകിയിരിക്കുന്നത് അദ്ദേഹത്തിന്റെ വാക്കുകൾ.. 

((മത തീവ്രവാദവും ഇടതുപക്ഷ തീവ്രവാദവും നേരിടാന്‍ ചെയ്യേണ്ടത് എന്താണെന്ന് സര്‍ക്കാരിന് എഴുതിക്കൊടുത്തിട്ടുണ്ട്. അത് പുറത്തു വിശദീകരിക്കാന്‍ പറ്റില്ല. മതതീവ്രവാദം നേരിടാന്‍ ആദ്യം വേണ്ടത് ആരോപണ വിധേയമാകുന്ന സമുദായത്തിന്റെ പൂര്‍ണ പിന്തുണയാണ്. അല്ലെങ്കില്‍ നടക്കില്ല. ഒരു ഡീ റാഡിക്കലൈസേഷന്‍ പ്രോഗ്രാം നടപ്പാക്കണം. ഇപ്പോള്‍ത്തന്നെ സംസ്ഥാനവ്യാപകമായി 512 പേരെ അതിനു വേണ്ടി പ്രത്യേകം തെരഞ്ഞെടുത്ത് കാര്യങ്ങളൊക്കെ പറഞ്ഞുകൊടുത്ത് നിയോഗിച്ചിട്ടുണ്ട്. പത്രത്തില്‍ കൊടുത്ത് വലിയ വാര്‍ത്തയൊന്നുമാക്കേണ്ട എന്ന് തീരുമാനിച്ചതുകൊണ്ടാണ്. ആദ്യം വേണ്ടത് മുസ്‌ലിം സമുദായത്തില്‍ നിന്നുതന്നെയുള്ള ചില ആളുകളെ, അവരിലും നല്ല ആളുകളുണ്ട്, അവരെ ഉപയോഗിച്ചു വേണം മതതീവ്രവാദത്തെ കണ്‍ട്രോള്‍ ചെയ്യാന്‍.
മതതീവ്രവാദമെന്നു പറയുമ്പോള്‍ മുസ്‌ലിം സമുദായം ചോദിക്കും ആര്‍എസ്എസ്സ് ഇല്ലേ എന്ന്. ആ താരതമ്യം വരുമ്പോഴാണ് പ്രശ്‌നം. ഐഎസും ആര്‍എസ്എസ്സുമായി യാതൊരു താരതമ്യവുമില്ല. നാഷണല്‍ സ്പിരിറ്റിന് എതിരായിട്ടു പോകുന്ന മതതീവ്രവാദത്തെയാണ് ഞാനുദ്ദേശിക്കുന്നത്. കേരളത്തിലെ മുസ്‌ലിം മതേതര മുഖമെന്നു ധൈര്യമായി പറയാവുന്നവരിലൊരാള്‍ ഹമീദ് ചേന്ദമംഗലൂര്‍ ആണ്. എം എന്‍ കാരശേരി കുറേയുണ്ടായിരുന്നു. ഇപ്പോള്‍ അത്ര കാണുന്നില്ല. അത്രയ്ക്ക് എക്‌സ്ട്രീം സെക്കുലറായി പോയില്ലെങ്കില്‍പ്പോലും മുസ്‌ലിം സമുദായത്തിന് ഇത്ര സമാധാനത്തോടെ ജീവിക്കാന്‍ പറ്റുന്ന സ്ഥലം വേറെ എവിടെയുണ്ട് എന്ന ചോദ്യം അവര്‍ സ്വയം ചോദിക്കണം.))
----------------------------


 (മത തീവ്രവാദവും ഇടതുപക്ഷ തീവ്രവാദവും നേരിടാന്‍ ചെയ്യേണ്ടത് എന്താണെന്ന് സര്‍ക്കാരിന് എഴുതിക്കൊടുത്തിട്ടുണ്ട്. അത് പുറത്തു വിശദീകരിക്കാന്‍ പറ്റില്ല. )

തീർച്ചയായും മതതീവ്രവാദവും ഇടതുപക്ഷ തീവ്രവാദവും നേരിടേണ്ടത് അത്യാവശ്യമാണ്. അതോടൊപ്പം തന്നെ കേരളത്തിലെ സംഘ്പരിവാർ ശക്തികൾ കേരളത്തിൽ നടത്തികൊണ്ടിക്കുന്ന അക്രമവും കൊലയും ഏത് ഘണത്തിലാണ് താങ്കൾ പെടുത്തിയിട്ടുള്ളത് എന്നറിയാൻ താൽപര്യമുണ്ട്. ഒരു പാട് വികല ധാരണകൾ വെച്ചുപുലർത്തുന്ന താങ്കളുടെ പരിഹാര നടപടികളെ സംബന്ധിച്ച് അത് ഏകപക്ഷീയമായിപ്പോകുമോ എന്ന ആശങ്ക ഞങ്ങൾക്കുണ്ട്. തീവ്രവാദവും ഭീകരവാദവും വളരുന്നത് ഒന്നിച്ചാണ്. ഒറ്റക്കല്ല. സഘ്പരിവാരം നടത്തുന്ന ഭീകരതയെ ഭീകരതയായി കാണുന്നില്ലെങ്കിൽ നിങ്ങൾ പറയുന്ന ഭീകരവാദങ്ങളെ നേരിടാൻ ഗവ. വല്ലാത്ത സാഹസം കാണിക്കേണ്ടിവരും. 


 ((മതതീവ്രവാദം നേരിടാന്‍ ആദ്യം വേണ്ടത് ആരോപണ വിധേയമാകുന്ന സമുദായത്തിന്റെ പൂര്‍ണ പിന്തുണയാണ്. അല്ലെങ്കില്‍ നടക്കില്ല. ഒരു ഡീ റാഡിക്കലൈസേഷന്‍ പ്രോഗ്രാം നടപ്പാക്കണം. ഇപ്പോള്‍ത്തന്നെ സംസ്ഥാനവ്യാപകമായി 512 പേരെ അതിനു വേണ്ടി പ്രത്യേകം തെരഞ്ഞെടുത്ത് കാര്യങ്ങളൊക്കെ പറഞ്ഞുകൊടുത്ത് നിയോഗിച്ചിട്ടുണ്ട്. പത്രത്തില്‍ കൊടുത്ത് വലിയ വാര്‍ത്തയൊന്നുമാക്കേണ്ട എന്ന് തീരുമാനിച്ചതുകൊണ്ടാണ്..))


ശരിയാണ് താങ്കൾ പറയുന്നത് ആരോപണവിധേയമാകുന്ന സമുദായത്തിന്റെ പിന്തുണ വേണം. എന്നാൽ കേവല പിന്തുണയല്ല പൂർണ പിന്തുണതന്നെ മുസ്ലിം സമൂഹം നൽകികൊണ്ടിരിക്കുന്നുണ്ട്. കേരളത്തിൽ നടന്നത് പോലെ മുസ്ലിം തീവ്രവാദത്തിനെതിരെ നിലവിലെ മുസ്ലിം സംഘടനകളിൽ നിന്നൊക്കെ പൂർണ്ണമായി പിന്തുണ ലഭിക്കുന്ന സ്ഥലം വേറെയുണ്ടാവില്ല. ഇതുവരെ ഭീകരമായ ആക്രമണങ്ങളോ കൊലപാതകങ്ങളോ ഒന്നും അവരുടെ പക്കൽ നിന്ന് സംഭവിച്ചിട്ടില്ലെങ്കിലും വഴിപാടെന്ന പോലെ ആറ് മാസത്തിലൊരിക്കൽ എന്ന നിലക്ക് ഭീകരവാദ സംഘടനാ ക്യാമ്പയിനും യാത്രയും നടന്നുകൊണ്ടിരിക്കുന്നു. കേരളത്തിൽ അറിയപ്പെട്ട തീവ്രവാദ പ്രവർത്തനങ്ങൾ തൊടുപുഴ അധ്യാപകന്റെ കൈവെട്ടലും, ഇരുപതോ അൽപം അധികമോ ആളുകളുടെ എങ്ങോട്ടെന്നില്ലാത്ത തിരോധാനവും ആണല്ലോ. പിന്നെ ഈ ഡീറാഡിക്കലൈസേഷൻ എന്നതുകൊണ്ട് താങ്കളെന്താണ് ഉദ്ദേശിച്ചതെന്ന് മുസ്ലിം സംഘടനാ നേതാക്കൾക്ക് വിശദീകരിച്ചുകൊടുക്കണം. താങ്കളെ ഈ വിഷയത്തിൽ സഹായിക്കാനാവുമോ എന്നവർ ചർച ചെയ്യട്ടെ. ഹമീദ് ചേന്ദമംഗല്ലൂരും എം.എൻ. കാരശേരിയും മുന്നിൽനിന്ന് ചെയ്യേണ്ട പ്രവർത്തനമാണ് താങ്കളതുകൊണ്ട് ഉദ്ദേശിച്ചതെങ്കിൽ അക്കാര്യത്തിൽ മുസ്ലിം സമുദായം നിസ്സഹയരായിക്കുമെന്ന് അറിയിക്കാൻ ആരോടും ചോദിക്കേണ്ടതില്ല. മുസ്ലിം സമുദായത്തിലെ നല്ല ആളുകൾ എന്ന് ഇവരെയാണോ താങ്കളുദ്ദേശിക്കുന്നത്. ഏത് നിലക്കാണ് അവർ നല്ലവരായി തീരുന്നത് എന്ന് വിശദീകരിക്കപ്പെടേണ്ടതുണ്ട്.  


((ആദ്യം വേണ്ടത് മുസ്‌ലിം സമുദായത്തില്‍ നിന്നുതന്നെയുള്ള ചില ആളുകളെ, അവരിലും നല്ല ആളുകളുണ്ട്, അവരെ ഉപയോഗിച്ചു വേണം മതതീവ്രവാദത്തെ കണ്‍ട്രോള്‍ ചെയ്യാന്‍.
മതതീവ്രവാദമെന്നു പറയുമ്പോള്‍ മുസ്‌ലിം സമുദായം ചോദിക്കും ആര്‍എസ്എസ്സ് ഇല്ലേ എന്ന്. ആ താരതമ്യം വരുമ്പോഴാണ് പ്രശ്‌നം. ഐഎസും ആര്‍എസ്എസ്സുമായി യാതൊരു താരതമ്യവുമില്ല. നാഷണല്‍ സ്പിരിറ്റിന് എതിരായിട്ടു പോകുന്ന മതതീവ്രവാദത്തെയാണ് ഞാനുദ്ദേശിക്കുന്നത്. കേരളത്തിലെ മുസ്‌ലിം മതേതര മുഖമെന്നു ധൈര്യമായി പറയാവുന്നവരിലൊരാള്‍ ഹമീദ് ചേന്ദമംഗലൂര്‍ ആണ്. എം എന്‍ കാരശേരി കുറേയുണ്ടായിരുന്നു. ഇപ്പോള്‍ അത്ര കാണുന്നില്ല. അത്രയ്ക്ക് എക്‌സ്ട്രീം സെക്കുലറായി പോയില്ലെങ്കില്‍പ്പോലും മുസ്‌ലിം സമുദായത്തിന് ഇത്ര സമാധാനത്തോടെ ജീവിക്കാന്‍ പറ്റുന്ന സ്ഥലം വേറെ എവിടെയുണ്ട് എന്ന ചോദ്യം അവര്‍ സ്വയം ചോദിക്കണം))


തീവ്രവാദത്തെ കേരളത്തിൽ പ്രതിരോധിക്കുന്നുണ്ടെങ്കിൽ അത് താങ്കളീ പറഞ്ഞ നല്ല ആളുകളെ വെച്ചല്ല എന്ന് താങ്കൾ മനസ്സിലാക്കണം. മുസ്ലിം സമൂഹത്തിൽ നിന്ന് പത്താളുകളുടെ പോലും പിന്തുണയില്ലാത്ത ഇവരുടെ വാചോടാപത്തിന് പുല്ലുവില മുസ്ലിംകളിലാരും കൽപിക്കുന്നില്ല. ചില ചാനലുകളും പത്രങ്ങളുമൊക്കെ മുസ്ലിം പ്രതിനിധാനമായി അവരെ അവതരിപ്പിക്കുന്നത് ചില അജണ്ടകൾ കണ്ടുകൊണ്ടാണ് എന്ന് മുസ്ലിംകൾ മനസ്സിലാക്കിയിട്ടുണ്ട്. ചില വർഗീയ ഫാസിസ്റ്റുകളുടെ വാക്കുകൾ മുസ്ലിം പേരിൽനിന്നുകൂടി കേൾപ്പിക്കുക എന്നതിനപ്പുറം ഒരു ധർമവും അവർ കേരളീയ സമൂഹത്തിൽ നിർവഹിക്കുന്നില്ല. ഐ.എസ്സും, ആർ.എസ്.എസും യാതൊരു താരതമ്യവുമില്ല എന്നവാദം മുസ്ലിംകൾക്കും അംഗീകരിക്കാൻ പ്രയാസമുണ്ടാവില്ല. ചെയ്യുന്ന ക്രൂരതയുടെ കാര്യത്തിൽ ഒരു പടിയല്ല പല പടി ആർ.എസ്സ്.എസ് മുന്നിലാണ്. അതിനാൽ അതിലും താരതമ്യം സാധ്യമല്ല. ഐ.എസ് എന്നത് പെട്ടെന്ന് പൊട്ടിമുളച്ച താൽക്കാലിക പ്രതിഭാസമാണ്. അതിനെ നിർമിച്ചുവിട്ടവരുടെ ലക്ഷ്യം ദുരൂഹമാണ്. അത് സ്വയം ഇല്ലാതാവുകയോ തകർക്കപ്പെടുകയോ ചെയ്യും. ലോകവ്യാപകമായി ചിലപ്പോൾ അവരിലെ ആളുകൾക്ക് ഭീകരത കാണിക്കാൻ കഴിഞ്ഞേക്കാം. എന്നാൽ ലോകവ്യാപകമായി അവർക്ക് ആളുകളെ റിക്രൂട്ട് ചെയ്യാൻ കഴിയും എന്ന് അനുഭവത്തിൽനിന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല. അവരെല്ലാത്ത മുസ്ലിം സംഘടനകളും മുസ്ലിം രാജ്യങ്ങളുമെല്ലാം ഇസ്ലാമിനും മുസ്ലിംകൾക്കും വളരെയേറെ പ്രയാസവമുണ്ടാക്കുന്ന ഭീകര സംഘമായിട്ടാണ് അവരെ കാണുന്നത്. എന്നാൽ ഏതെങ്കിലും ഹിന്ദു സംഘടന ആർ.എസ്.എസിനെ ഒരു ഭീകരവാദ സംഘമായി എണ്ണുകയോ പരിഗണിക്കുകയോ ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. ഒരു പക്ഷെ ഹിന്ദു സംഘടനകൾ എന്നത് സംഘ് പരിവാർ സൌകര്യത്തിന് ഉപയോഗപ്പെടുത്തുന്ന ഒരു കൂട്ടമാകാം. അതേ സമയം മതേതര രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്ന മഹാഭൂരിപക്ഷം ഹിന്ദുസഹോദരൻമാരും ആർ.എസ്.എസിനെയും സംഘ് പരിവാറിനെയും നന്നായി പ്രതിരോധിക്കുന്നു. ഇതിലാണ് മുസ്ലിംകൾ ആശ്വസിക്കുന്നതും. ആ നല്ല ഹിന്ദുക്കളിലാരും താങ്കളെ പോലെ സംസാരിക്കുന്നത് ഞങ്ങളാരും കേട്ടിട്ടില്ല. 


മുസ്ലിംകളിലും നല്ല മുസ്ലിംകളുണ്ടെന്ന താങ്കളുടെ സർട്ടിഫിക്കറ്റ്, ആരെ ഉദ്ദേശിച്ചാണ് എന്ന് താങ്കളുടെ വാക്കുകളിൽ തന്നെ സൂചനയുള്ളതിനാൽ ആ സർട്ടിഫിക്കറ്റ് തൽകാലം ഏറ്റുവാങ്ങാൻ മുസ്ലിം സമൂഹം സന്നദ്ധരായിരിക്കില്ല എന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നത്. നല്ല മുസ്ലിം ആരാണ് എന്ന് പറഞ്ഞു തരുന്നത് ഖുർആൻ തന്നെയാണ്. അതനുസരിച്ച് കാരശേരിയും ഹമീദും അതിൽ പെടാനുള്ള സാധ്യത വിരളമാണ്. 
കേരളത്തിൽ മുസ്ലിംകൾ സമാധാനത്തോടെ ജീവിക്കുന്നു. പക്ഷെ അതിന്റെ ക്രഡിറ്റ് വർഗീയവിഷം തീണ്ടാത്ത ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളും മുസ്ലിംകൾക്കുമാണ് എന്ന കാര്യം തങ്കളും മറന്നുപോകരുത്. ഈ സമാധാനാന്തരീക്ഷം വല്ലാത്ത അസ്വസ്തതയോടെയാണ് സംഘ്പരിവാർ നോക്കിക്കാണുന്നത് എന്നും തോന്നിയിട്ടുണ്ട്. 


 ((ജിഹാദിനെക്കുറിച്ച് ഇപ്പോള്‍ അവര്‍ സമുദായത്തെ മനസിലാക്കിയിരിക്കുന്ന, പ്രയോഗിക്കുന്ന രീതിയില്‍ ഒരിക്കലും മനസിലാക്കിക്കാനും പ്രയോഗിക്കാനും പാടില്ല. അത് അവര്‍ക്കു പറ്റുമോ എന്നെനിക്ക് അറിയില്ല. പക്ഷേ, ചില ശ്രമങ്ങള്‍ നമ്മള്‍ നടത്തിയേ പറ്റുകയുള്ളു. ഇപ്പോള്‍ അവര്‍ പറയുന്ന പ്രധാന കാര്യം ജിഹാദ് ആണ്. അതായത് ഒരു മുസ്‌ലിമിന് സ്വര്‍ഗ്ഗത്തില്‍ പോകണമെങ്കില്‍ ജിഹാദ് നടത്തിയേ പറ്റൂ എന്ന് പഠിപ്പിക്കുകയും ആ ജിഹാദ് എന്നത് മറ്റുള്ള മതക്കാരെ മുസ്‌ലിമാക്കുകയും അമുസ്‌ലീങ്ങളെ കൊന്നുകളയുകയുമാണ് എന്ന് പറയുന്നിടത്താണ് പ്രശ്‌നം വരുന്നത്.))മുസ്ലിംകളുടെ നിത്യജീവിത്തിന്റെ ഭാഗമായ ഒരു പദത്തെ ഇത്രഭീകരമായിട്ടാണല്ലോ താങ്കൾ മനസ്സിലാക്കിയിട്ടുള്ളത് എന്നറിയുമ്പോൾ വല്ലാത്ത ഭീതി തോന്നുന്നു. താങ്കൾ ജിഹാദിന് നൽകിയ നിർവചനം മുസ്ലിംകൾ നൽകുന്നതല്ല. ഇസ്ലാമിനെ ശത്രുതയോടെ വീക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ബോധപൂർവ്വം നൽകുന്ന വിശദീകരണമാണ്. താങ്കളെപോലെ ഉന്നത സ്ഥാനത്തിരുന്ന ഇരിക്കാൻ ഇനിയും ആഗ്രഹിക്കുന്ന ഒരാൾക്ക് ഇത്ര വലിയ തെറ്റിദ്ധാരണ ഉണ്ടാവരുതായിരുന്നു. ഐ.എ.എസ്സിന്റെയും ഐപിഎസ്സിന്റെയും സിലബസിൽ മതവിശ്വാസങ്ങളെക്കുറിച്ച നല്ല ഒരു പഠനം കൂടി ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയുണ്ട് എന്നാണിത് മനസ്സിലാക്കുന്നത്. കുട്ടികളെ അറിയാത്തവർ അധ്യാപകരാകാൻ യോഗ്യരല്ല എന്ന് പറയുന്നത് പോലെ, വിവിധ മതങ്ങളുൾക്കൊള്ളുന്ന ജനങ്ങൾക്ക് സേവകരായി നിയമിക്കപ്പെടുന്നവർ ഒരു വിഭാഗത്തെക്കുറിച്ച് ഇത്ര തെറ്റായ ധാരണ വെച്ചുപുലർത്തിയാലോ. 


ജിഹാദ് എന്നാൽ ഒരു മുസ്ലിം തന്റെ ജീവിതത്തിൽ തന്റെ ഭക്ഷണവും വെള്ളവും പോലെ ദൈനം ദിനം നിർവഹിക്കേണ്ട കർമമാണ്. മാതാപിതാക്കൾക്ക് ഗുണം ചെയ്യുന്നത് പോലും ഒരു ജിഹാദ് തന്നെയാണ് എന്ന് പഠിപ്പിക്കുന്നത് മുഹമ്മദ് നബിയാണ്. അധ്വാന പരിശ്രമം എന്നാണ് മലയാളത്തിൽ അതിന് പറയാവുന്ന അർഥം. ശത്രുക്കൾ സായുധമായി രംഗത്ത് വരുമ്പോൾ ഇസ്ലാമിക ഭരണകൂടം അതിനെ സായുധമായി ചെറുക്കുന്നതും ജിഹാദ് എന്ന ഗണത്തിലാണ് വരിക. തന്റെ ധനമോ ജീവനോ അപകടകരമാകുമ്പോൾ അതിനെതിരെ ചെറുത്ത് നിൽപ്പുനടത്തുന്നതും ജിഹാദാണ്. ഈ പോസ്റ്റ് ഞാനെഴുതുന്നതും ജിഹാദിന്റെഭാഗമായിട്ടാണ്. ജിഹാദിനെ ഒരു അമുസ്ലിമും ഒട്ടും പേടിക്കേണ്ടതില്ല. ബഹുമാന്യനായ സെൻകുമാർ പറഞ്ഞ ഒരു വ്യാഖ്യാനം മുസ്ലിം സമൂഹത്തിലെ ഒരു സംഘവും നൽകുന്നില്ല. ഉണ്ടെങ്കിൽ കാണിച്ചു തരൂ. 


ഒരു മുസ്ലിമിന് സ്വർഗത്തിൽ പോകണമെങ്കിൽ ജിഹാദ് നടത്തിയേ പറ്റൂ എന്നതിന് അടിവരയിടുന്നു. എന്നാൽ ആ ജിഹാദ് താങ്കൾ പറഞ്ഞതല്ല എന്നാണ് ഇതുവരെ പറഞ്ഞതിന്റെ ചുരുക്കം. ഒരു കാര്യം ഉണർത്തട്ടെ, പ്രവാചകന് പോലും ആളുകളെ മുസ്ലിമാക്കാനുള്ള ചുമതലയില്ല. ഇതര മുസ്ലിംകൾക്ക് ഒട്ടുമില്ല. പക്ഷെ ഇസ്ലാമിനെ സമാധാനപരമായി പ്രബോധനം ചെയ്യാൻ ഞങ്ങൾ കൽപിക്കപ്പെട്ടിരിക്കുന്നു. അത് ബോധ്യമാകുന്നവർക്ക് സ്വീകരിക്കാം അല്ലാത്തവർക്ക് തിരസ്കരിക്കാം. ഇത് ഇന്ത്യൻ ഭരണഘടനയും ഞങ്ങൾക്ക് അനുവദിക്കുന്ന മൌലികാവകാശമാണ്. മുസ്ലിമാകത്തവരെ കൊന്നുകളയുന്നത് തികഞ്ഞ ഇസ്ലാമിക വിരുദ്ധതയാണ്. മതത്തിൽ ബലാൽക്കാരമില്ല എന്ന ഖുർആനിക തത്വത്തിന് എതിരാണത്. മുസ്ലിംകൾ വ്യാപകമായി മതം മാറ്റുന്നതോ മാറാത്തവരെ വധിക്കുന്നതോ ആയ ഒരു സംഭവം കേരള ചരിത്രത്തിൽ നിന്ന് താങ്കൾക്ക് ഉദ്ധരിക്കാനാവുമോ. അതിന് നൂറുകണക്കിന് മുസ്ലിം സംഘടനകളിൽ ഏതെങ്കിലും ഒന്ന് നേതൃത്വം നൽകിയതായിട്ട്. ഇല്ലെങ്കിൽ താങ്കളുടെ തന്നെ വാക്കുകളിൽ സ്വർഗത്തിൽ പോകാനുള്ള പ്രവർത്തനം അവർ ചെയ്യുന്നില്ലന്നല്ലേ അതിനർഥം. നാല് ഒണക്ക പോലീസുകാരെ പേടിച്ചാണോ അവർ സ്വർഗത്തിൽ പോകാനുള്ള അവസരം വേണ്ടെന്ന് വെക്കുന്നത്. എങ്കിൽ പിന്നെ അവർ 42 ശതമാനമല്ല 70 ശതമാനം തന്നെയായാലും നിങ്ങൾ ഭയപ്പെടേണ്ടതില്ലല്ലോ. അതുകൊണ്ട് നിങ്ങൾ വിചാരിക്കുന്ന പ്രശ്നമൊന്നും ഇവിടെയില്ല. നിങ്ങളെ പോലുള്ള ചില പോലീസുകാരുടെ വികലധാരണകൾ മാത്രമാണ് പ്രശ്നം. അത് നിങ്ങൾ തന്നെ പരിഹരിക്കുക.

ജിഹാദിനെ എങ്ങനെയാണ് മുസ്ലികൾ പഠിപ്പിക്കുന്നത് എന്നറിയാൻ ഇവിടെ ക്ലിക്ക് നോക്കൂ. ഇങ്ങനെ പഠിപ്പിക്കരുത് എന്നാണോ താങ്കൾ പറയുന്നത്. ((എനിക്ക് വാട്ട്‌സാപ്പില്‍ കിട്ടിയ ഒരു ദൃശ്യമുണ്ട്. ഇസ്രയേലിനെതിരേ ഐക്യരാഷ്ട്രസഭയില്‍ വലിയ ചര്‍ച്ച നടക്കുകയാണ്. ഇറാന്‍, സിറിയ, ഈജിപ്റ്റ്, ലബനോന്‍, പാക്കിസ്ഥാന്‍ എന്നിവരൊക്കെയുണ്ട്. ഇസ്രയേലില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളാണ് വിഷയം. ഇസ്രയേലിന്റെ മറുപടി എന്താണെന്നോ. 'ഇസ്രയേലില്‍ ഒന്നര ദശലക്ഷം മുസ്‌ലിംകളുണ്ട്. അവര്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നു, സമുഹത്തിലെ എല്ലാ കാര്യങ്ങളിലും ഭാഗഭാക്കാകുന്നു. പക്ഷേ, ലിബിയലില്‍ എത്ര ജൂതന്മാരുണ്ട്? മുമ്പ് ഇത്രയുണ്ടായിരുന്നു, ഇപ്പോഴെത്ര. സൗദിയില്‍, ഈജിപ്്റ്റില്‍.. നേരത്തേ എത്ര ജൂതന്മാരുണ്ടായിരുന്നു, ഇപ്പോഴെത്രയുണ്ട്.' ആര്‍ക്കും ഉത്തരം പറയാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് ജിഹാദ് അങ്ങനെയല്ലെന്നും എല്ലാവര്‍ക്കും തുല്യമായി ജീവിക്കാന്‍ കഴിയുന്ന അന്തരീക്ഷമാണ് വേണ്ടതെന്നും മനസിലാക്കിക്കൊടുക്കണം. ))ഫലസ്തീൻ എന്ന ഒരു രാജ്യത്ത് വളരെ അന്യായമായി സ്ഥാപിതമായതാണ് ഇസ്രായേൽ എന്ന ഭീകര രാഷ്ട്രം. അവിടെ ഇനിയും കുറച്ച് മുസ്ലിംകൾ ബാക്കിയുണ്ട്. അവർ ഇസ്രായേൽ ഭരണകൂടം തീർത്ത വലിയ ഒരു തുറന്ന ജയിലിലാണ്. കുറേ മുസ്ലിംകൾ ഇസ്രായേലിലും ഉണ്ടാവാം. അതിന് കാരണം സയണിസം ബാധിക്കാത്ത ജൂത സഹോദരങ്ങളാണ്. ജൂത ജനസംഖ്യ വളരെ തുച്ചമാണ്. ലോകത്തിന്റെ പലഭാഗത്തായി ചിതറിക്കിടക്കുന്ന ജൂതൻമാർ ഏറ്റവും സമാധാനപൂർവ്വമായ ജീവിതം നയിച്ചിരുന്നത് ഉസ്മാനിയാ ഖിലാഫത്ത് നിലനിന്നിരുന്ന മുസ്ലിം രാജ്യങ്ങളിലായിരുന്നു. അവരുടെ ശല്യം ഒഴിവാക്കാനാണ് പാശ്ചാത്യസാമ്രാജ്യ ശക്തികൾ അവരെ ഫലസ്തീനിൽ കുടിയിരുത്തിയത്. പിന്നീട് ഒറ്റപ്പെട്ട തുരുത്തുകളിൽ നിന്ന് ജൂതൻമാരെ അവിടെ കൊണ്ടുപോയി പാർപ്പിച്ചു. അങ്ങനെ മുസ്ലിം രാജ്യങ്ങളിലെന്നല്ല ഒരു വിധം രാജ്യങ്ങളിലൊക്കെ ജൂതർ ഇല്ല എന്ന് തന്നെ പറയാം. അതവർ തങ്ങളുടെ വാഗദ്ത്ത ഭൂമി തേടി പോയതിന്റെ ഫലമാണ്. എല്ലാതെ സംഘിമോഡൽ ഉന്മൂലനം നടത്തിയല്ല. അതിനാൽ ഒരു വാട്സപ്പ് വീഡിയോ മാത്രം കണ്ട് ഇത്ര വലിയ തെറ്റിദ്ധാരണ താങ്കൾ പുലർത്തരുത് എന്നാണാവശ്യമപ്പെടാനുള്ളത്. നിങ്ങൾ ഏറെ ഭയപ്പെടുന്നത് ഇസ്ലാമിക രാഷ്ട്രമാണല്ലോ. ആ ഭീതിയാണല്ലോ താങ്കളുടെ അഭിമുഖം നിറയെ എന്നാൽ ഇസ്ലാമിക രാഷ്ട്ര വ്യവസ്ഥയനുസരിച്ചും ഏതൊരു പൌരനും അവന്റെ മതമേതാകട്ടെ ധനം, ജീവിതം, അഭിമാനം എന്നീ അടിസ്ഥാനാവശ്യങ്ങളെ ഹനിക്കുന്ന ഒരു നിയമനിർമാണവും അനുവദിക്കുന്നതല്ല. പക്ഷെ സവർണഫാസിസം വളർന്ന് വരുന്ന ഈ നാട്ടിൽ അത്തരമൊരു നിയമം ഉണ്ടെങ്കിലും അത് പ്രയോഗതലത്തിൽ നടപ്പിൽ വരുത്താൻ ചുമതലപ്പെട്ടവർ അത് ചെയ്യുന്നില്ല എന്നത് ഒരു വസ്തുതയല്ലേ. ((ഒരു മതം മാത്രമാണ് ശരിയെന്ന് ആളുകളെ മനസിലാക്കിക്കൊടുക്കരുത്. അവര്‍ അവരുടെ ദൈവങ്ങളെ വിശ്വസിക്കട്ടെ. ലൗ ജിഹാദ് പോലുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കണം. കുറേയാളുകള്‍ അതിനു വേണ്ടി നടക്കുകയാണ്. ഇല്ലാത്ത കാര്യമല്ല. സ്‌നേഹത്തിന്റെ പേരില്‍ മാത്രമുള്ള മതംമാറ്റങ്ങളാണെങ്കില്‍ അത് എല്ലാ വിഭാഗങ്ങളിലും ഒരുപോലെയുണ്ടാകും. പക്ഷേ, എന്തുകൊണ്ട് ഇത് ഏകപക്ഷീയമാകുന്നു. അതുകൊണ്ട് ഇതല്ല ഇസ്‌ലാമെന്നും സമാധാനത്തിന്റെ മതമാണ് എങ്കില്‍ ഇങ്ങനെയല്ല പോകേണ്ടതെന്നു താഴേത്തലങ്ങള്‍ മുതല്‍ പറഞ്ഞു പഠിപ്പിക്കണം. സര്‍ക്കാരിന് അവരെ ഗൈഡ് ചെയ്യാനേ സാധിക്കുകയുള്ളു. മദ്രസയിലോ പള്ളിയിലോ പോയി പൊലീസ് പറഞ്ഞാല്‍ അവര്‍ കേള്‍ക്കുമോ. അതുകൊണ്ട് മുസ്‌ലിം പുരോഹിതരും സമുദായത്തില്‍ സ്വാധീനമുള്ളവരും മനസിലാക്കിക്കാന്‍ ശ്രമിക്കണം. അല്ലാതെ ഒരു ആത്യന്തിക പരിഹാരമുണ്ടാകില്ല. പശുവിനു വേണ്ടി മനുഷ്യരെ കൊല്ലുകയാണെന്ന് റമദാന്‍ പ്രസംഗത്തില്‍ പറയുന്നതിന്റെ ക്ലിപ്പിങ് ഈയിടെ കണ്ടു. അതിന്റെ പ്രത്യാഘാതം വലുതായിരിക്കും. അങ്ങനെയുള്ള ആള്‍ക്കാര്‍ക്കെതിരേ നടപടിയെടുക്കുകയും ബാക്കിയുള്ളവരുടെ നിലപാട് മാറ്റാന്‍ ശ്രമിക്കുകയും വേണം. ))ഇവിടെ മുഴുവൻ ആളുകളും മനസ്സിലാക്കേണ്ട പ്രത്യേകിച്ച് ഭരണാധികാരികൾ മനസ്സിലാക്കേണ്ട ഒരു വസ്തുതയുണ്ട്. എല്ലാവരും കൂടി ഒരു മതമാണ് ശരിയെന്ന് ഒരിക്കലും പ്രചരിപ്പിക്കുകയില്ല. എന്നാൽ ഓരോ മതക്കാരും മതമില്ലാത്തവരുമൊക്കെ അവരാണ് ശരി, മറ്റുള്ളവർ ശരിയായ പാതയിലല്ല എന്ന് ചിന്തിക്കുന്നവരാണ്. ആർക്കെങ്കിലും തങ്ങളുടെ ശരിയെക്കുറിച്ച് സംശയമുണ്ടെങ്കിൽ അത് വേറെ കാര്യമാണ്. അവർക്ക് ആ ശരിയെ മറ്റുള്ളവരെ അറിയിക്കാനുള്ള ചുമതലയുണ്ട്. താങ്കൾക്ക് ശരിയെന്ന കാര്യമാണല്ലോ താങ്കൾ അഭിമുഖത്തിൽ ജനങ്ങളുടെ മുന്നിൽ വെച്ചത്. താങ്കൾക്ക് അത് പറയാനും എനിക്ക് അതിന് മറുപടി പറയാനും തുല്യാവസരം ഉണ്ട്. ഇതിൽ ഏതെങ്കിലും ഒന്ന് ഇല്ലാതായാൽ അത് ജനാധിപത്യവിരുദ്ധവും തികഞ്ഞ ഫാസിസവുമാണ്. അതിനാൽ തങ്ങളുടെ മതം ശരിയെന്ന് തോന്നുന്നവർ സമാധാന പൂർവ്വം അത് പ്രബോധനം ചെയ്യട്ടെ. അതിൽ ബലപ്രയോഗവും പ്രകോപനമോ സാമ്പത്തിക പ്രലോഭനമോ ഉണ്ടെങ്കിൽ മാത്രം ഭരണകൂടം ഇടപെട്ടാൽ മതിയാകും. ഇല്ലെങ്കിൽ ജനങ്ങളുടെ വിശ്വാസാചാരം മാന്യമായി കൊണ്ടുനടക്കാൻ അവരെ അനുവദിക്കുക. പോലീസിന് പള്ളിയിൽ വരാം, ജില്ലാ കളക്ടർ വരെ വന്ന് പള്ളിയിൽ പ്രസംഗിച്ചിരുന്ന സ്ഥലമാണ് മുസ്ലിംകൾ ഭൂരിപക്ഷമായ മലപ്പുറം. എന്നിരിക്കെ ജനങ്ങളെ ബാധിക്കുന്ന ഒരു പ്രധാന വിഷയത്തിൽ അവരുമായി സംവദിക്കാൻ പള്ളി സൌകര്യപ്പെടുത്തുക എന്നത് അത്ര അസംഭവ്യമായ കാര്യമല്ല. പക്ഷെ വരുമ്പോൾ ഒരു സമാന്യവിവരം തങ്ങളുടെ ശ്രോതാക്കളെക്കുറിച്ച് ഉണ്ടാവുന്നത് നല്ലതാണ്. പശുവിന്റെ പേരിൽ ഇന്ത്യയിൽ ആളെകൊല്ലുന്നില്ലേ. ഉണ്ടെന്ന് തന്നെയാണല്ലോ പ്രധാനമന്ത്രിതന്നെ അംഗീകരിച്ചത്. ഇനി അക്കാര്യം പള്ളിയിൽ പറഞ്ഞാൽ എന്താണ് കുഴപ്പം. പള്ളിയിൽ മിക്കവാറും അവ പരാമർശിച്ചിരിക്കുക. ഇന്ത്യയുടെ ഭയാനകമായ അവസ്ഥ സൂചിപ്പിക്കാനും അതിനെതിരെ വിശ്വാസപരമായ ശക്തിനേടുന്നതിനുമായിരിക്കും. പശുവിന്റെ പേരിലുള്ള കൊലപാതകങ്ങൾ ഇല്ലാതാക്കി മുസ്ലിംകളെ കാക്കാൻ നിങ്ങൾക്ക് കഴിയില്ലെങ്കിൽ പോകട്ടെ അതിന്റെ പേരിൽ ഒന്ന് കരയാനെങ്കിലും അവരെ അനുവദിച്ചുകൂടെ. പശുവിന്റെ പേരിൽ കൊല നടത്തുന്നത് എന്തുകൊണ്ടാണ് ഒരു പ്രത്യാഘാതമുണ്ടാക്കുന്ന കാര്യമായി താങ്കൾക്ക് തോന്നാത്തത്. ലോകത്ത് സ്വയം പൊട്ടിത്തെറിക്കുന്ന ഭീകരരുണ്ടാകുന്നത്, ഒരുപാട്കാലം ഇവ്വിധം അനുവർത്തിക്കപ്പെട്ട ക്രൂരതയുടെ ഫലമാണ് എന്ന് പഠിച്ചാൽ ബോധ്യപ്പെടും. അതില്ലാതാക്കാൻ ഇന്ത്യയുടെ സമാധാനാന്തരീക്ഷം നിലനിർത്താൻ വേണ്ടത് ഭരണഘടനാപരമായി പൌരൻമാരുടെ സംരക്ഷണം ഉറപ്പുവരുത്തുക എന്നതാണ്. 


((എന്തുകൊണ്ടാണ് ഹിന്ദുക്രിസ്ത്യന്‍ സംഘര്‍ഷമുണ്ടാകാത്തത്? കേരളത്തിലെ ഇപ്പോഴത്തെ ജനസംഖ്യാ ഘടന നോക്കൂ. നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ 42 മുസ്‌ലിം കുട്ടികളാണ്. മുസ്‌ലിം ജനസംഖ്യ 27 ശതമാനമാണ്. 54 ശതമാനമുള്ള ഹിന്ദുക്കളുടെ ജനന നിരക്ക് 48 ശതമാനത്തില്‍ താഴെയാണ്. 19.5 ശതമാനമുള്ള ക്രിസ്ത്യാനികളുടെ ജനന നിരക്ക് 15 ശതമാനം. ഭാവിയില്‍ വരാന്‍ പോകുന്നത് ഏത് രീതിയിലുള്ള മാറ്റമായിരിക്കും.))


ഇത്തരം ചെറിയ കാര്യങ്ങൾ കൂടി ഇത്ര അബദ്ധം കലർത്തി താങ്കൾ ചോദിക്കുമെന്ന് പ്രതീക്ഷിച്ചില്ല. ഒരു അർഥത്തിൽ ഇന്ത്യയിൽ നടക്കുന്നത് ഹിന്ദുമുസ്ലിം കലാപമല്ല. മഹാഭൂരിപക്ഷവും സംഘ് പരിവാർ ആസൂത്രിതമായി നടത്തപ്പെടുന്ന വർഗീയ ഉന്മൂലന ശ്രമത്തിന്റെ ഭാഗമായി സംഭവിക്കുന്ന അക്രമ പ്രവർത്തനങ്ങളാണ്. വർഗീയ കലാപം എന്ന് പോലും അതിനെ പറയാനാവില്ല. നല്ല ഹിന്ദുക്കൾ ഇതിൽ മുസ്ലിം പക്ഷത്താണ്. അതേ പോലെ നല്ല ഹിന്ദുക്കൾ കൃസ്ത്യൻ പക്ഷത്തുമുണ്ട്. അതുകൊണ്ടാണ് ഇന്ത്യയിൽ ഉദ്ദേശിക്കപ്പെടുന്നത് പോലും മുസ്ലിം ഉൻമൂലനം നടക്കാത്തത്. ഇതേ സംഘർഷം ഒറിസ പോലുള്ള സ്ഥലങ്ങളിൽ ക്രിസ്ത്യാനികൾക്കെതിരെയും സംഭവിച്ചിട്ടുണ്ട്. തൽകാലം ഫാസിസം ഒരു ശത്രുവിനെ മാത്രം ടാർജറ്റ് ചെയ്തതും അതിനൊരു കാരണമാകാം. ഒരു കാര്യം സൂചിപ്പിക്കട്ടെ. ഇന്ത്യ എന്ന മഹാരാജ്യത്തിൽ ഏതെങ്കിലും ഒരു സംസ്ഥാനത്തിലോ, ജില്ലയിലോ മുസ്ലിം സമൂഹം അധികമായിപ്പോയതുകൊണ്ട് ഒരു കുഴപ്പവും വരാനില്ല. ചിലപ്പോൾ അവരെ ഒന്നാകെ അപഹസിച്ചും അടിച്ചമർത്തിയും പൌരസ്വതന്ത്ര്യം നൽകാതെയും ഭരിക്കാൻ സ്വാഭാവികമായി കുറച്ച് പ്രയാസം വന്നെങ്കിലായി. ഇതാണ് നമ്മുടെ അനുഭവം. അതിനാൽ വരാൻ പോകുന്ന മാറ്റത്തെക്കുറിച്ച് ഒരു ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും ആശങ്കപ്പെടുന്നുണ്ടെന്ന് തോന്നുന്നില്ല. താങ്കളെ പോലുള്ളവർ പറഞ്ഞു ഭയപ്പെടുത്താതിരുന്നാൽ മാത്രംമതി.((ക്രിസ്ത്യാനികളുടെ ജനന നിരക്ക് കുറയുമ്പോഴും ജനസംഖ്യ കുറയാത്തത് അവര്‍ കുറേയൊക്കെ മതപരിവര്‍ത്തനം നടത്തിക്കുന്നതുകൊണ്ടാണ്. എന്നിട്ടു പോലും സംഘര്‍ഷമുണ്ടാകാത്തത് എന്തുകൊണ്ടാണ്? ക്രിസ്ത്യന്‍ ലൗ ജിഹാദ് ഇല്ല. ആ ഓപ്പണ്‍നെസ്സ് അവര്‍ക്കുണ്ട്. അവര്‍ ഹിന്ദുക്കളുടെ എല്ലാ കാര്യങ്ങളും പകര്‍ത്തുകയാണ്. ഓം നമശിവായ പോലെ ഓം ക്രിസ്തുവായ നമ വരെയുണ്ട്. അതു ശരിയല്ല. ഓരോ മതത്തിനും സ്വന്തം വ്യക്തിത്വമുണ്ടാകണം. പക്ഷേ, എന്തുകൊണ്ടാണ് അത്. ആളുകളെ ആശയക്കുഴപ്പത്തിലാക്കാനാണ്. രണ്ടും ഒന്നുതന്നെയാണ് എന്നു തോന്നിപ്പിക്കാനാണ്. അതാണ് ഞാന്‍ നേരത്തേ പറഞ്ഞത്, കുറേ സത്യങ്ങള്‍ തുറന്നു പറഞ്ഞുതന്നെ മുന്നോട്ടു പോകണം. എല്ലാ രോഗങ്ങളും മറച്ചുവച്ചിട്ട് മുകളില്‍ തൈലം പുരട്ടിയിട്ടു കാര്യമില്ല.))ക്രിസ്ത്യാനികൾ ലൌ ജിഹാദ് നടത്തുന്നില്ല. അതിനാൽ അവർ മതപരിവർത്തനം നടത്തിയിട്ടുപോലും സംഘർഷം ഉണ്ടാകുന്നില്ല. ഇതാണല്ലോ താങ്കൾ പങ്കുവെക്കാനുദ്ദേശിക്കുന്നത്. കോടതി പോലും തള്ളിക്കളഞ്ഞ ലൌ ജിഹാദ് എന്തുകൊണ്ടാണ് താങ്കളുടെ മനസ്സിൽ നിന്ന് പോകാത്തത് എന്നതിന് ഉത്തരം കിട്ടണം. ഒരു കാര്യം സത്യം ആധുനിക യുഗത്തിൽ പ്രേമത്തിന്റെ പേരിൽ ഒരു പാട് ഒളിച്ചോട്ടം നടക്കുന്നുണ്ട്. യുവതി യുവാക്കൾ വായിക്കുകയും ചിന്തിക്കുകയും ചെയ്തുകൊണ്ട് അവർക്കിഷ്ടപ്പെട്ട ഒരു മതം തെരഞ്ഞെടുക്കുന്നുണ്ട്. ലോകത്തിലെങ്ങും കാണപ്പെടുന്ന പോലെ ഇസ്ലാമിലേക്ക് അതൽപം കൂടുതലുണ്ടാകാം. അതിന് കാരണം വേറെ തെരയേണ്ടതില്ല. ഇസ്ലാമിന്റെ വിശ്വസ-ആചാര ലാളിത്യവും യുക്തിഭദ്രതയും അതിനെ സ്വീകരിക്കാൻ ലോകത്തെ എന്നും പ്രേരിപ്പിച്ചിട്ടുണ്ട്. ഇനിയും പ്രേരിപ്പിക്കും. ഒരർഥത്തിൽ ലൌജിഹാദിനെ താങ്കൾ സത്യവൽക്കരിക്കുകയും കേരളത്തിൽ നടക്കുന്ന സംഘർഷങ്ങൾക്ക് ന്യായം ചമക്കുകയും ചെയ്യുന്നതായിട്ടാണ് ഈ വാക്കുകളിലൂടെ താങ്കൾ വിനിമയം ചെയ്യുന്നത്. ((ഇടതുതീവ്രവാദത്തെ വളരെ എളുപ്പം നിയന്ത്രിക്കാം. അവരെ നേരിടാന്‍ പോകുമ്പോള്‍ ഇങ്ങോട്ട് വെടിവച്ചാല്‍ വെടിവയ്‌പൊക്കെ ഉണ്ടാകും. പക്ഷേ, അവര്‍ പ്രതിനിധീകരിക്കാന്‍ ശ്രമിക്കുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനത്തിന് ഒരു സോഷ്യല്‍ ഓഡിറ്റോടുകൂടി പദ്ധതികള്‍ നടപ്പാക്കണം. അവര്‍ക്ക് വീടും ഭക്ഷണവും വിദ്യാഭ്യാസവും വൈദ്യുതിയും ഉള്‍പ്പെടെ എല്ലാം ലഭ്യമാക്കണം. അത് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഒരു സോഷ്യല്‍ ഓഡിറ്റിംഗ് ടീം വേണം. അവരുടെ ജീവിതം കഷ്ടത്തിലാണ്. അത് മെച്ചപ്പെടുത്തിയാല്‍ അവര്‍ ആരുടെയും പിന്നാലെ പോകില്ല. പിന്നെ, കുറച്ചാളുകള്‍ യാഥാര്‍ഥ്യബോധമില്ലാതെ അവരുടെ കൂടെപ്പോകുന്നുണ്ട്, മറ്റു പേരുകളില്‍ പരസ്യപ്രവര്‍ത്തനം നടത്തുന്ന അവരുടെതന്നെ മുന്നണി സംഘടനകളുമുണ്ട്. അവയെ നിയന്ത്രിക്കണം. മാവോയിസ്റ്റുകളുടെ കാര്യത്തില്‍ ചെയ്യേണ്ടത് എന്തെന്ന് ഞാന്‍ തന്നെ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിക്കൊടുത്തു. റ്റി ബ്രാഞ്ചില്‍ നിന്നാണ് അതൊക്കെ വരുന്നത്. എല്ലാം ഞാന്‍ തിരിച്ചുകൊടുത്ത് വേറെ തയ്യാറാക്കി. തച്ചങ്കരിക്കൊന്നും ഇതിന്റെ എ ബി സി ഡി അറിയില്ല. മുഖ്യമന്ത്രിക്ക് വിജയകുമാര്‍ സാറുമായി (ഏറ്റുമുട്ടല്‍ വിദഗ്ധനായി അറിയപ്പെടുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍) ഒരു മീറ്റിംഗ് അറേഞ്ച് ചെയ്തുകൊടുത്തതായും സെന്‍കുമാര്‍ പറഞ്ഞു.))ഇങ്ങോട്ട് വെടിവെക്കുമ്പോൾ അങ്ങോട്ട് വെടിവെച്ചോളൂ.. മാത്രമല്ല ഇങ്ങോട്ട് വെടിവെക്കും എന്ന് തോന്നുമ്പോഴും അങ്ങനെ ചെയ്തോളൂ. ആരും കുറ്റം പറയില്ല. എന്നാൽ അത്തരം സംഭവമുണ്ടാകുമ്പോൾ അതിനെ സുതാര്യമായി അവതരിപ്പിക്കാനും നിഗൂഡതകളില്ലാതാക്കാനും കഴിയണം. സോഷ്യൽ ഓഡിറ്റിംഗ് ഒക്കെ വേണം. അത് നടക്കട്ടെ. അവർക്ക് അവകാശപ്പെട്ടത് വകവെച്ചുകൊടുക്കട്ടെ എന്നാൽ ആരും അവരുടെ തീവ്രവാദികളുടെ കൂടെ പോകില്ല. സത്യത്തിൽ ഇതുതന്നെയാണ് മുസ്ലിംകളിലെ തീവ്രവാദികളെ ശരിക്കും ഭയപ്പെടുന്നുണ്ടെങ്കിൽ അവരെ നിയന്ത്രിക്കാനും ഭരണകൂടത്തിന് ചെയ്യാനാവുന്നത്. ഒരൊറ്റ നികുതി പോലെ ഒരൊറ്റ നീതി നടപ്പാക്കുക. തങ്ങൾ ആരാലും വേട്ടയാടപ്പെടുന്നില്ലെന്ന് അവർക്ക് ഉറപ്പിക്കാൻ കഴിയുക. നീതി പാലകരിലും നീതിപീഢങ്ങളിലും അവരുടെ വിശ്വാസം തകർക്കുമാറുള്ള പ്രവർത്തനങ്ങൾ ചെയ്യാതിരിക്കുക. അതാണ് തീവ്രവാദം വളർത്തുന്ന യഥാർഥ രോഗം അതിന് പുറമെ തൈലം തേച്ച് ശമനം തേടാതിരിക്കുക. താങ്കളീ പറഞ്ഞ കാര്യങ്ങൾ തങ്കച്ചരിക്ക് അറിയില്ല എന്നത് വളരെ ആശ്വാസം നൽകുന്ന ഒരു വാക്കാണ്. ഇടതുപക്ഷ തീവ്രവാദം ഒഴിവാക്കാൻ താങ്കൾ നിർദ്ദേശിച്ച പ്രവർത്തനം തന്നെയാണ് ഏത് തീവ്രവാദവും തടയാൻ സ്വീകരിക്കാവുന്ന ശൈലി. കാരണം തീവ്രവാദം എന്നത് ഒരൊറ്റമതമാണ്. പരസ്പരം ഇതര തീവ്രവാദക്കാരെ ചൂണ്ടിയാണ് അവ സ്വയം വളരുന്നത്. അതിനുള്ള സാഹചര്യം ഇല്ലാതാക്കാൻ ഭരണാധികാരികൾക്കേ കഴിയൂ. മുസ്ലിംകളുടെ പക്ഷത്ത് നിന്ന് കേരളത്തിൽ തീവ്രവാദാരോപണത്തിന്റെ പേരിൽ പോലും അറസ്റ്റ് ചെയ്യപ്പെട്ടവരുടെ സംഖ്യ എടുത്താൽ അത് ഇന്ന് കേരളത്തിലുള്ള മുസ്ലിം സമുദായത്തിന്റെ എത്ര ശതമാനം വരും എന്ന് കൂടി കണക്ക് പുറത്ത് വിട്ടാൽ നന്നായിരിക്കും. അത് ഒരിക്കലും 0.0001 ശതമാനത്തിൽ അധികം വരില്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇങ്ങനെയൊക്കെ തന്നെയാണോ മുസ്ലിംകൾ എന്ന് ചിന്തിക്കുന്നത് എന്നറിയാൻ അവരുടെ നേതാക്കളുമായി താങ്കൾ അൽപം സമയം ചെലവഴിക്കുക. താങ്കൾ പറഞ്ഞ തരത്തിൽ അവരിൽനിന്ന് തീവ്രവാദത്തിനെതിരെയുള്ള പിന്തുണ ഉറപ്പാക്കാനും അത് സഹായിക്കും. 2016, ജൂലൈ 17, ഞായറാഴ്‌ച

ഐ.എസ്.ഐ.എസ് നു പിന്നിൽ ആര് ?


കേരളത്തിലെ ചില വ്യക്തികളുടെയും കുടുംബങ്ങളുടെയും തിരോധാനവുമായി ബന്ധപ്പെട്ട് ഉണ്ടായ കോലാഹലങ്ങളുടെ പശ്ചാതലത്തിൽ ഐ.എസ്.ഐ.സ് വീണ്ടും മലയാളികളുടെ സജീവശ്രദ്ധയിൽ വന്നിരിക്കുകയാണ്. ഇവിടെ നിന്ന് അപ്രത്യക്ഷമായവർ പോയിട്ടുണ്ടാവുക എവിടേക്കായിരിക്കും എന്ന് മുസ്ലികളിലുണ്ടായ (കൃത്യമായി പറഞ്ഞാൽ മുജാഹിദുകളിലുണ്ടായ) വിഭജനത്തെസംബന്ധിച്ച് ധാരണയുള്ളവർക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അത് ഒന്ന് ശ്രീലങ്കയും അവിടുന്നും പോയാൽ യമനുമായിരിക്കും എന്ന് നേരത്തെ മനസ്സിലാക്കിയിരുന്നു അവർ. അവർ ഐ.സിൽ ചേരാനുള്ള സാധ്യതയില്ല എന്നും ചിന്തിച്ചിരുന്നു. എന്നാൽ കൃത്യമായ തെളിവില്ലാതെ ഇതൊന്നും ഉറപ്പിച്ച് പറയാനാവില്ല. പിന്നീട് നടന്ന ഗവൺമെന്റ് തല അന്വേഷണത്തിലും ഇക്കാര്യം തന്നെയാണ് വെളിപ്പെട്ടത്. എങ്കിലും ഐ.എസ് എന്ന ഭീകരഗ്രൂപ്പ് ഒരു യാഥാർഥ്യം തന്നെയാണ്. അതിന്റെ പ്രചോദനവും ലക്ഷ്യവും എന്ത് എന്ന കാര്യത്തിൽ കടുത്ത അഭിപ്രായം ലോകത്തിനുണ്ട്. ഇസ്ലാമുമായി അതിന് ഒരു ബന്ധവുമില്ലെന്ന് മുസ്ലിം സമൂഹം പറയുമ്പോൾ.. അതിനെ മുസ്ലികളായി തന്നെ കാണാനും ഖുർആനാണ് അവരുടെ പ്രചോദനം എന്ന് സ്ഥാപിക്കാനുമാണ് ഇസ്ലാമിക വിമർശകർ സമയം കണ്ടെത്തുന്നത്. നിങ്ങൾക്ക് അനിഷ്ടകരമാകുന്ന പ്രവർത്തനങ്ങൾ മുസ്ലിംകൾ ചെയ്താൽ അതിന് പിന്നിൽ പാശ്ചാത്യസാമ്രാജ്യത്വ ശക്തികളാണെന്നും ഇസ്രായീലാണെന്നും നിങ്ങൾ ആരോപിക്കും എന്നും അവർ പറഞ്ഞുവെക്കുന്നു. തെളിവായി ഐ.എസിനോടുള്ള സമീപനത്തെയും അവർ ഉദാഹരിക്കുന്നു. 

ബഗ്ദാദിയുടെ ഖിലാഫത്ത് എന്തുകൊണ്ട് ഇസ്ലാമികമല്ല എന്ന് ബഗ്ദാദി പ്രത്യക്ഷപ്പെട്ട കാലത്ത് തന്നെ (2014 ആഗസ്തിൽ എഴുതിയ പോസ്റ്റഇലൂടെ) ഈ ബ്ലോഗിൽ വിശദമായി ചർച ചെയ്തിട്ടുണ്ട്. അന്ന് അതെഴുതാനുള്ള കാരണം. അബൂബക്കർ ബഗ്ദാദി ഖിലാഫത്ത് വാദവുമായി രംഗത്ത് വന്നപ്പോൾ സോഷ്യൽ മീഡിയയിലൂടെ ചില മുസ്ലിം സുഹൃത്തുക്കൾ അതിനെ പിന്തുണച്ചുകൊണ്ട് സംസാരിച്ച സന്ദർഭത്തിൽ എഴുതേണ്ടിവന്നതാണ്. ഇന്ന് അത്തരം പിന്തുണ ആരും പരസ്യമായി നൽകുന്നില്ല. എഴുതുന്നവർ തന്നെ ഫൈയ്ക് ഐഡിയിൽ മറഞ്ഞിരുന്നാണ് അൽപമെങ്കിലും അത് ചെയ്യുന്നത്. വൈകാരികമായി മാത്രം കാര്യങ്ങളെ സമീപിച്ച അവർ ഖലീഫയെ എതിർക്കുന്നവർക്ക് ഒരു പേരും നൽകി കുലാവികൾ..  അന്ന് ഞങ്ങൾ കുറച്ചുപേർ ആ സംവാദത്തിൽ ഒറ്റപ്പെട്ടെങ്കിലും ഇന്ന് എല്ലാ മുസ്ലിം സംഘടനകളും ഒരുമിച്ച് ഐ.എസ് നെതിരിൽ രംഗത്തുണ്ട്. ഇന്നലെ പുറത്ത് വെച്ച് ഒന്നു രണ്ടു പേർ ഇക്കാര്യത്തെക്കുറിച്ച് വീണ്ടും അന്വേഷിച്ചു. ഈ പശ്ചാതലത്തിൽ സുഹൃത്ത് വി അമീൻ ചൂനൂർ എഴുതിയ  (മലയാളം ന്യൂസ് പത്രത്തിൽ) ലേഖനം ഈ ബ്ലോഗിന്റെ വായനക്കാർക്കായി ഇവിടെ ചേർക്കുകയാണ്. 

ഐ.എസിനെ സംബന്ധിച്ച് അന്തിമമായ ഒരു വിധിതീർപ്പ് എന്ന നിലക്കല്ല ഈ പോസ്റ്റ് ഇവിടെ നൽകിയത്.. ഒരു പക്ഷെ വർഷങ്ങളോളം അത് മറഞ്ഞുതന്നെ കിടക്കും. എന്നാൽ ചരിത്രഘട്ടങ്ങളിൽ എപ്പോഴെങ്കിലും അതിനെ ഉൽപാദിച്ചവർ തന്നെ അക്കാര്യം തുറന്നു പറയും അന്നൊരു പക്ഷെ ആ സംഘം ഇല്ലാതായിപ്പോയിട്ടുണ്ടാകും. അതിന്റെ സൃഷ്ടിച്ചവർ അന്നേക്ക് അതിന്റെ ലക്ഷ്യം നേടുകയും ചെയ്തിട്ടുണ്ടാവും. 

********************************************************************************************

## ഐ.എസ് ഇസ്രായില്‍ സൃഷ്ടി തന്നെ ##

-------വി. അമീന്‍ ചൂനൂര്‍-----

ഐ.എസ് അല്ലെങ്കില്‍ ഇസ്ലാമിക് സ്‌റ്റേറ്റ്, കൂണുപോലെ പെട്ടെന്ന് ഒരു ഇടിമുഴക്കത്തിലുണ്ടായതല്ല. രാഷ്ട്രം പോലുമല്ലാത്ത ഒരു വിഭാഗത്തിന് തന്ത്രവും ബുദ്ധികേന്ദ്രവും വിഭവ ആസൂത്രണവും ഇല്ലാതെ വെറുതെ രംഗപ്രവേശം ചെയ്ത് അധികാരം പിടിച്ചടക്കാന്‍ കഴിയുമെന്ന് കരുതുന്നതും വിവിധ രാജ്യങ്ങളില്‍ അവിടെയുള്ള സൈന്യത്തെ തോല്‍പിച്ച് മുന്നേറ്റം സൃഷ്ടിക്കുവാന്‍ സാധ്യമാകുമെന്ന് ചിന്തിക്കുന്നതും വങ്കത്തമാണ്. 

ഭാവിയെ കുറിച്ച് ഗവേഷണവും തിരക്കഥയും പരിശീലനവും വന്‍ ശക്തി രാഷ്ട്രങ്ങളില്‍ ആരുടെയോ പിന്തുണയും ഉള്ള വിഭാഗം തന്നെയായിരിക്കണം ഐ.എസ്. അങ്ങനെ നോക്കുമ്പോള്‍ ഐ.എസ് അതിന്റെ പേരില്‍ സൂചിപ്പിച്ച ഇസ്ലാമിനോട് ഒരു ബന്ധവുമില്ലാതിരിക്കുന്നതിനും അതിന്റെ രണ്ടക്ഷരത്തില്‍ തന്നെ തുടങ്ങുന്ന ഇസ്രായിലിനോട് ബന്ധപ്പെട്ട് നില്‍ക്കുന്നതിനും ചില ന്യായങ്ങള്‍ ഉണ്ട്. 

1. ഐ.എസിന്റെ പ്രവര്‍ത്തന മേഖലകള്‍ പരിശോധിച്ചാല്‍ വ്യക്തമാവുന്ന വളരെ പ്രധാനപ്പെട്ട ഒരു പോയന്റ് ഉണ്ട്. 'ഗ്രേറ്റര്‍ ഇസ്രായില്‍' എന്ന് അവര്‍ തന്നെ വിളിക്കുന്ന വന്‍ പദ്ധതിയുടെ മേഖലകളിലൂടെ തന്നെയാണ് ഇന്ന് ഐ.എസ് നടന്നു നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന വലിയ യാഥാര്‍ത്ഥ്യമാണത്. ഇറാഖും സിറിയയും ലിബിയയുമെല്ലാം അതില്‍ വരും. 

സിയോണിസത്തിന്റെ സ്ഥാപകന്‍ തിയോഡര്‍ പറയുന്നത് പ്രകാരം 'ഗ്രേറ്റര്‍ ഇസ്രായില്‍' നൈല്‍ നദി മുതല്‍ യൂഫ്രട്ടീസ് വരെ നീണ്ടുകിടക്കുന്ന ഒന്നാണ്. ഇറാഖിനെ അതിനു വേണ്ടി ആദ്യം ഉഴുതു മറിച്ച് ദുര്‍ബലമാക്കുന്ന നിലപാട് അമേരിക്കയിലൂടെ അവര്‍ നടപ്പിലാക്കി. ഇപ്പോള്‍ സിറിയയിലും ഐ.എസിലൂടെ അതിനു വേണ്ടിയുള്ള ശ്രമം നടക്കുന്നു. ഈജിപ്തിലും അവര്‍ക്ക് വേണ്ട മാറ്റങ്ങള്‍ നേടിയെടുക്കാന്‍ കഴിയും വിധം അധികാര മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കി.

മേഖലയില്‍ ആധിപത്യം ഉറപ്പിക്കുന്നതിനു വേണ്ടി തന്ത്രപരമായി ഇസ്രായില്‍ രൂപീകരിച്ച പദ്ധതിയാണ് യിനാന്‍ പദ്ധതി. ചുറ്റുവട്ടത്തുള്ള അറബ് രാഷ്ട്രങ്ങളെ ദുര്‍ബലമായ ചെറിയ പ്രദേശങ്ങളാക്കി പുനഃക്രമീകരിക്കുക എന്നത് അവരുടെ യിനാന്‍ പദ്ധതിയുടെ ഭാഗമാണ്. യിനാന്‍ രൂപീകരിച്ച വലിയ ഇസ്രായിലി സ്ട്രാറ്റജിസ്റ്റുകളുടെ അഭിപ്രായ പ്രകാരം ഇറാനാണ് ഇതിനുള്ള ഏറ്റവും വലിയ വെല്ലുവിളി. അതുകൊണ്ടു തന്നെ ഇറാഖിനെ അവര്‍ ഈ ബാല്‍ക്കനൈസേഷന്‍ പരിപാടിയുടെ കേന്ദ്രമായി നിശ്ചയിച്ചു. 

ഐ.എസ് സൗദി, കുവൈത്ത് മേഖലയില്‍ പോലും ചിലയിടങ്ങളില്‍ അക്രമ മാര്‍ഗങ്ങളിലൂടെ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു എന്നതും ശ്രദ്ധേയമാണ്. മേഖലയില്‍ ഈയിടെ നടന്ന വിവിധ ആക്രമണങ്ങള്‍ ഐ.എസ് ഏറ്റെടുത്തിരിക്കുകയാണ്. ഇത് ചില ദുസ്സൂചനകളാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. അല്‍ ഹസയില്‍ നിന്നും ഐ.എസ് അനുകൂലികളെ പിടികൂടുകയും ചെയ്തിരുന്നു. ശിയാക്കളുടെ മേഖലയില്‍ ആക്രമണം നടത്തുക വഴി ഐ.എസ് ഉദ്ദേശിക്കുന്നത് ഭിന്നത രൂപപ്പെടുത്തുകയും ദുര്‍ബലതയിലേക്ക് നയിക്കുകയുമാണ്. 

2. ഐ.എസിനു ഇസ്രായിലി പ്രതിരോധ സേനയുമായുള്ള ബന്ധമാണ് മറ്റൊരു സംഗതി. യു.എന്‍ അടുത്ത് പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാവുന്നത്. മെയ് 2013 മുതല്‍ ഐ.ഡി.എഫുമായി 'ഐ.എസ്' നിരന്തരമായ ബന്ധം പുലര്‍ത്തുന്നു എന്നാണ് യു.എന്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഐ.എസ് പോരാളികള്‍ക്കുള്ള ചികിത്സ വരെ ഉള്‍പ്പെടുന്ന തരത്തിലുള്ള ബന്ധങ്ങള്‍ അതിലുണ്ട്. സാധന സാമഗ്രികളുടെ കൈമാറ്റം പോലും നടന്നതായി യു.എന്‍ നിരീക്ഷണത്തില്‍ വ്യക്തമായതാണ്. വിവിധ ഇസ്രായില്‍ ഗവണ്മെന്റ് വെബ്‌സൈറ്റുകളിലേക്ക് ചൈനയില്‍ നിന്നുള്ള ചില ഹാക്കര്‍മാര്‍ ട്രോജന്‍ വൈറസ് അയച്ചതായി അവരുടെ ന്യൂസ് ഏജന്‍സി വ്യക്തമാക്കുകയുണ്ടായി. അവര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിലും ശക്തമായ ഇസ്രായില്‍-ഐ.എസ് ബന്ധങ്ങള്‍ ഉണ്ടായിരുന്നതായി വിദേശ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

3. ഐ.എസിനെ തകര്‍ക്കാനുള്ള ഓപറേഷന് അമേരിക്ക തുടക്കം കുറിച്ച സമയത്ത് ഇസ്രായിലിന്റെ ഭാഗത്ത് നിന്നും ഒരു വിധത്തിലുള്ള പിന്തുണയും അതിനുണ്ടായില്ല. ബ്രിട്ടനും ഓസ്‌ട്രേലിയയും പിന്തുണച്ച അമേരിക്കയുടെ നീക്കത്തെ ഇസ്രായിലി ഹൈക്കമാന്‍ഡ് തെറ്റായ ഒരു തീരുമാനമായാണ് വിലയിരുത്തിയത്. 

4. അമേരിക്കയും മിഡില്‍ ഈസ്റ്റിലെ ചില രാജ്യങ്ങളൂം ഐ.എസിനെതിരായി സൈനികമായി രംഗത്തിറങ്ങിയിട്ടും ബ്രിട്ടനും ഓസ്‌ട്രേലിയയുമടങ്ങിയ വന്‍ രാഷ്ട്രങ്ങള്‍ അതിനെ പിന്തുണച്ചിട്ടും മുന്നേറാന്‍ ഐ.എസിന് സാധിക്കുന്നുവെങ്കില്‍ അവരുടെ സൈനിക-ആയുധ-വിഭവ ശേഷിയാണ് അത് തെളിയിക്കുന്നത്. 
അത്ര വലിയ കരുത്ത് ഇന്ന് മുസ്ലിം സമൂഹത്തിന് ഒരു വിധത്തിലും നല്‍കാന്‍ സാധ്യമല്ല. എന്നാല്‍ ഇസ്രായിലിനു അതിനുള്ള ശേഷിയുണ്ടുതാനും. മിഡില്‍ ഈസ്റ്റിലെ രാജ്യങ്ങളെ കീഴടക്കാനുള്ള ആയുധ-സൈനിക ശേഖരം അവരുടെ കയ്യില്‍ ഉണ്ടായതുകൊണ്ടാണല്ലോ അവര്‍ക്ക് മുന്നേറ്റം സൃഷ്ടിക്കുവാന്‍ കഴിയുന്നത്.

5. ഇസ്ലാമിന്റെ പക്ഷത്ത് നിന്നും ദാര്‍ശനികമായ യാതൊരു പിന്തുണയും നല്‍കാന്‍ കഴിയാത്ത ഒന്നാണ് നിരപരാധികളെ ഏതെങ്കിലും തരത്തില്‍ ഉപദ്രവിക്കുക എന്നത്. എന്നാല്‍ അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും ചുക്കാന്‍ പിടിച്ചിട്ടുള്ള വിഭാഗം ഇസ്രായില്‍ തന്നെയാണ്. 

അത് നമുക്ക് ഫലസ്തീന്‍ അക്രമങ്ങളിലും മറ്റും കാണാന്‍ കഴിയും. ലോകത്ത് അവര്‍ പുലര്‍ത്തിക്കൊണ്ടിരിക്കുന്ന ധിക്കാരത്തിന്റേയും അക്രമത്തിന്റേയും പരിസരത്ത് നിന്ന് മാത്രമേ ഐ.എസ് പോലുള്ള കാടന്‍ സംഘത്തിന് ജന്മം കൊടുക്കാന്‍ കഴിയൂ. ഇസ്രായിലിന്റെ ചരിത്രത്തിലുള്ള മുന്നേറ്റങ്ങള്‍ക്കൊക്കെ ഈ ശൈലി ഉള്ളതായി കാണാന്‍ കഴിയും. എന്നാല്‍ ഇസ്ലാം ചരിത്രത്തില്‍ മുന്നേറ്റം സൃഷ്ടിച്ചിട്ടുള്ളത് ഈ ശൈലിയിലൂടെയല്ല. 

6. 'അമേരിക്കന്‍ ഫ്രീ പ്രസ്' വ്യക്തമാക്കിയത് പോലെ, ഐ.എസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദി മൊസ്സാദിന്റെ സൃഷ്ടിയാണ്. നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയില്‍ നിന്നും സ്‌നോഡന്‍ വഴി പുറത്തായ 1.7 മില്യണ്‍ പേജുള്ള രഹസ്യ രേഖകള്‍ വ്യക്തമാക്കുന്നത് അതാണ്. 

7. ഐ.എസിന്റെ കയ്യിലുള്ള ആയുധങ്ങള്‍ ഇസ്രായലില്‍ നിര്‍മ്മിച്ചവയാണ് എന്ന് കണ്ടെത്തിയതാണ്. ഇറാഖ് പ്രവിശ്യയില്‍ ഐ.എസ് പിടിച്ചടക്കിയ മേഖലകളില്‍ നിന്നും കണ്ടെത്തിയ ആയുധങ്ങള്‍ വഴിയാണ് ഇത് ലോകത്തിനു മുന്നില്‍ വ്യക്തമാവുന്നത്.

8. വലിയ ആസൂത്രണമുള്ള ഒരു വിഭാഗമായതുകൊണ്ട് തന്നെയാണ് അവര്‍ വിജയിച്ചു മുന്നേറുന്നത്. എന്നാല്‍ അവരിലൂടെ നടപ്പിലാക്കപ്പെടുന്നത് സയണിസവും സാമ്രാജ്യത്വവും ആഗ്രഹിക്കുന്ന അജണ്ടകളാണ്. അത് ഇസ്ലാമോഫോബിയയാണ്. ഇസ്ലാമിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളേയും മുന്നേറ്റങ്ങളേയും മലീമസമാക്കലാണ്. ഐ.എസിന്റെ പ്രവര്‍ത്തനങ്ങള്‍ ഇത് രണ്ടും ലോകത്തിന് സമ്മാനിച്ചുകൊണ്ടു തന്നെയാണ് മുന്നോട്ട് പോകുന്നത്. ഇസ്ലാമിന്റെ ഒരു മൂല്യവും അവരിലൂടെ പ്രതിനിധാനം ചെയ്യപ്പെടുന്നില്ല. 

ഒരു ക്വട്ടേഷന്‍ സംഘം ആക്രമത്തിന് വരുന്നത് പോലെയാണ് കാര്യങ്ങള്‍ നടക്കുന്നത്. സ്വന്തം വേഷത്തില്‍ പ്രത്യക്ഷപ്പെടുകയല്ല. ആരെ മലീമസപ്പെടുത്തണോ അവരുടെ വേഷവും രൂപവും സ്വീകരിക്കുന്നു. അവരെക്കുറിച്ച് ലോകത്തെ ഭീതിപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി അവര്‍ പ്രവര്‍ത്തിക്കുന്നു. ഇതിനു ചരിത്രത്തില്‍ നിരവധി സമാനതകള്‍ ഉണ്ട്. പ്രവാചകനു ശേഷം പ്രത്യക്ഷപ്പെട്ട കള്ള പ്രവാചകന്‍ മുതല്‍ ഖാദിയാനിസവും അല്‍ ഖാഇദയും ഇന്ത്യന്‍ മുജാഹിദീനും ഒരേ ശൈലിയില്‍ പ്രത്യക്ഷപ്പെട്ടതാണ്. 

ലൈംഗിക അക്രമങ്ങള്‍, വധം, അക്രമങ്ങള്‍, ചരിത്രങ്ങളുടെ സര്‍വ്വനാശം, നിര്‍ബന്ധിത മതപരിവര്‍ത്തനം തുടങ്ങി പലതും ഉള്‍ക്കൊള്ളുന്ന ഒന്നാണ് ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന് അവര്‍ ലോകത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇസ്ലാമോഫോബിയ പോലെ ഇസ്ലാമിക് സ്‌റ്റേറ്റ് ഫോബിയ വളര്‍ത്തുക. ആളുകള്‍ ഇസ്ലാമില്‍ നിന്ന് അകലുന്നതിനും ഇസ്ലാമിനെത്തന്നെ പിഴുതെറിയുവാനും വേണ്ടിയായിരുന്നു അവര്‍ ഇസ്ലാമോഫോബിയക്ക് തുടക്കം കുറിച്ചത്. 

എന്നാല്‍ അത് ഇസ്ലാമിനു വലിയ വളര്‍ച്ച നേടിക്കൊടുക്കുകയാണുണ്ടായത്. യൂറോപ്പിലും അമേരിക്കയിലും ഫോബിയാ കാലത്ത് 'ഇസ്ലാം' കൂടുതല്‍ മുന്നേറുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. മാത്രമല്ല, പലയിടങ്ങളിലും തികച്ചും സമാധാന വിപ്ലവങ്ങളിലൂടെ ഇസ്ലാമിന്റെ അടിത്തറയിലുള്ള രാജ്യങ്ങള്‍ രൂപപ്പെടുവാനുള്ള സാധ്യതകളും കാണാന്‍ തുടങ്ങി. ഇത് അവരിലുണ്ടാക്കിയ വിറളിയാണ് ഇസ്ലാമിക് സ്‌റ്റേറ്റ് ഫോബിയ എന്ന അജണ്ടയും ഇതില്‍ കൂട്ടിച്ചേര്‍ക്കാന്‍ കാരണം.ഇസ്ലാമിനോടും മുസ്ലിംകളോടും ഗുണകാംക്ഷയുള്ള ഒരു സംഘമാണ് ഐ.എസ് എങ്കില്‍ അതിന്റെ ആദ്യ പോരാട്ടം ഇസ്രായിലിനെതിരെയായിരിക്കണം. 2012-2015 ഘട്ടത്തില്‍ ഇസ്ലാമിക ലോകം ഏറെ ആശങ്കയോടും നിരാശയോടും വീക്ഷിച്ചത് ഇസ്രായിലിന്റെ ഫലസ്തീന്‍ നരവേട്ടയായിരുന്നു. ഐ.എസ് യഥാര്‍ഥ മുസ്ലിം സമൂഹത്തിന്റെ പ്രതിനിധി ആയിരുന്നെങ്കില്‍ മുസ്ലിം ലോകത്തിന്റെ സമാധാന അന്തരീക്ഷത്തെ തകര്‍ക്കുവാനായിരുന്നില്ല; മറിച്ച് ഇസ്രായിലിനു ഭീഷണി സൃഷ്ടിച്ചുകൊണ്ടായിരിക്കും അവര്‍ രംഗപ്രവേശം ചെയ്യുക. 

9. ഇസ്രായിലിനെതിരെ പ്രതികരിക്കുവാനും ഫലസ്തീന്‍ പോരാട്ടങ്ങള്‍ക്ക് ശക്തി പകരാനും ഇസ്ലാമിക പണ്ഡിതന്മാര്‍ ചെറുതല്ലാത്ത രീതിയില്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, ഇസ്ലാമിക ലോകത്ത് നിന്നും ഒരു പണ്ഡിതന്‍ പോലും ഐ.എസ് ചെയ്തികളെ ന്യായീകരിക്കുവാന്‍ ശ്രമിച്ചിട്ടില്ല. ശക്തമായി എതിര്‍ത്ത് അതിന്റെ എതിര്‍ ദിശയില്‍ നിലകൊള്ളുവാനാണ് പണ്ഡിത സമൂഹം ആഹ്വാനം ചെയ്തത്. ഇസ്രായിലിനെതിരെ പ്രതികരിക്കുന്ന അതേ ശൗര്യത്തോടെ ഐ.എസ് ചെയ്തികളേയും വിമര്‍ശിക്കണമെന്ന് അവര്‍ ആഹ്വാനം ചെയ്തു. 

ഇത് കേവലമായ ഒരു കൊള്ളക്കൂട്ടത്തിന്റെ എടുത്തുചാട്ടമല്ല. ആസൂത്രണമില്ലാത്ത, അയഞ്ഞ ഒരു സായുധ സംഘത്തിന്റെ വേട്ടയുമല്ല. സയണിസ്റ്റ്- സാമ്രാജ്യത്വ ശക്തികള്‍ക്ക് മിഡില്‍ ഈസ്റ്റിലുള്ള പുതിയ താല്‍പര്യങ്ങളുടെ പിടിച്ചടക്കലാണ്. പാശ്ചാത്യര്‍ പണ്ട് വിവിധ രാജ്യങ്ങളുടെ ഭരണം നേടിയെടുത്തതിന്റെ മറ്റൊരു ശൈലി. അന്യായങ്ങളെ കുറിച്ച് ലോകത്തില്‍ ആര്‍ക്കും ചോദിക്കാന്‍ തോന്നാത്ത വിധത്തില്‍ മുസ്ലിംകള്‍ക്കെതിരെ എന്തും ചെയ്യാന്‍ അവര്‍ക്ക് കഴിയും വിധം ആദ്യം രംഗങ്ങള്‍ സൃഷ്ടിച്ചു. അവര്‍ ഇസ്ലാമോഫോബിയ വളര്‍ത്തിയത് അതിനു വേണ്ടിയാണ്. ഒപ്പം അതേ ഫോബിയ ഉപയോഗപ്പെടുത്തി മേഖലയില്‍ അവരുടെ താല്‍പര്യങ്ങള്‍ നടപ്പിലാക്കാനും സയണിസ്റ്റ്-സാമ്രാജ്യത്വ ശക്തികള്‍ ശ്രമിച്ചു. അതാണ് ഐ.എസ്. 

ഐ.എസ് പേരിലും വസ്ത്രധാരണത്തിലും ചുണ്ടനക്കങ്ങളിലും ഇസ്ലാമിനെ സാദൃശ്യപ്പെടുത്തി ഇസ്ലാമിന്റെ സമാധാന ദാര്‍ശനികതയെ വക്രീകരിക്കുവാന്‍ ശ്രമിക്കുന്നു. എന്നാല്‍ അതിന്റെ ഹൃദയവും തലച്ചോറും ഓരോ ഘട്ടത്തിലും ഐ.എസിന്റെ ആശയ പരിസരം വ്യക്തമാക്കുകയും ചെയ്യുന്നു. കഴിഞ്ഞ കാലത്ത് ഇസ്ലാമോഫോബിയ വളര്‍ത്തപ്പെട്ടെങ്കിലും അതിന്റെ സ്രഷ്ടാക്കളുടെ നാട്ടില്‍ ഇസ്ലാമിന് ഏറ്റവുമധികം വളര്‍ച്ചയുണ്ടാക്കിയ കാലമായിത്തീര്‍ന്നു അത്. ഇസ്ലാമിക് സ്‌റ്റേറ്റ് ഫോബിയയാണ് അടുത്തതെങ്കില്‍ പുതിയ ഇസ്ലാമിക് സ്‌റ്റേറ്റുകള്‍ രൂപപ്പെടുന്നത് യൂറോപ്പിലായിരിക്കും. തീര്‍ച്ച.

------------------------

2016, മേയ് 1, ഞായറാഴ്‌ച

ഒരു ബ്ലോഹാദിയുടെ ജിഹാദും യുക്തിവാദികളുടെ നുണപ്രചാരണവും


യുക്തിവാദവും ബ്ലോഗും ഇസ്ലാമുമെല്ലാം ഒരിക്കൽ കൂടി സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നു. അവിടെ നിന്നും വിട്ട് ദിനപത്രങ്ങളിലും അതിൻെറ അലയൊലികളുണ്ട്. ഇതിന്റെ പ്രധാന കാരണം ഇയ്യിടെ പ്രത്യക്ഷപ്പെട്ട ഫെയ്ക് ഐഡിയിൽനിന്നുള്ള ഒരു ബ്ലോഗാണ്. വളരെ അപകടകരമായ സന്ദേശങ്ങളുള്ള പ്രസ്തുത ബ്ലോഗ്  സാമൂഹികവിരുദ്ധവും രാജ്യവിരുദ്ധവും അതുകൊണ്ടുതന്നെ നിയമപരമായ നടപടി നേരിടേണ്ടിവരുന്നതും ആണ് എന്ന് എല്ലാവരെക്കാളും മുമ്പേ അതിന്റെ കർത്താവ്/കർത്താക്കൾ തന്നെ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണല്ലോ ഫെയ്ക് ഐഡിയിൽനിന്ന് അത് കൈകാര്യം ചെയ്യുന്നത്. അതിന്റെ പിന്നിൽ ഒരാളാണോ ഒരു സംഘമാണോ എന്നതൊക്കെ ഊഹിക്കാൻ മാത്രമേ ഇപ്പോൾ കഴിയൂ. എന്നാൽ ഇതേ ആശയങ്ങൾ സംസാരിക്കുന്ന കുറേ ഫെയ്ക് ഐഡികളെ കണ്ടു. ഇത്രത്തോളം പച്ചയായിട്ടല്ലെങ്കിലും സമാനമായി സംസാരിക്കുന്ന ഒറിജിനൽ ഐഡികളെയും ഫെയ്സ് ബുക്ക് ച‍ർചയിൽ കാണാവുന്നതാണ്. അത്തരക്കാർ ഉന്നയിക്കുന്ന വാദങ്ങളും പലപദപ്രയോഗങ്ങളും ഈ ബ്ലോഗും ഉൾകൊള്ളുന്നുണ്ട്. അതിനാൽ തന്നെ ഒറിജിനലായി ചിലരെ യുക്തിവാദികൾ സംശയിക്കുന്നതിൽ കുറ്റപ്പെടുത്താനാവില്ല. 

ഹദീസ് സമാഹാരങ്ങളിലൊന്നും റിപ്പോർട്ട് ചെയ്യാത്ത വ്യജമെന്ന് പ്രസിദ്ധമായ ഒരു ഹദീസ് വെച്ചാണ് പ്രസ്തുത ബ്ലോഗ് പോസ്റ്റ് തുടങ്ങുന്നത് തന്നെ. കള്ളനോട്ടും ഒരു നോട്ടാണ് എന്ന് പറയുന്നതുപോലെ ഒരു അസംബന്ധം പറഞ്ഞാണീ ച‍ർച ആരംഭിക്കുന്നത് എന്നതുകൊണ്ടു തന്നെ ഈ പോസ്റ്റിനെ വിശകലനം ചെയ്യുന്നത് വൃഥാവേലയാണ്. ഈ ബ്ലോഗ് തുടർന്നു പറയുന്ന കാര്യങ്ങളിലും തികഞ്ഞ അറിവില്ലായ്മയും യുക്തിശൂന്യതയും നിഴലിക്കുന്നു. 

(((മോഡേൻ മുഹദ്ദിസുകൾ ഈ ഹദീസ് തള്ളിക്കളയുന്നവർ ആണ്. ഈ ഹദീസിന്റെ സനദിൽ   പ്രശ്നം ഉണ്ട്.  ഈ ഹദീസിനു മൂന്നു വേർഷനുകൾ ഉണ്ട്. രണ്ടെണ്ണം ദയീഫും ഒരെണ്ണം മുർസ്സലുമാണ്. ഒതെന്റിക് അല്ല എങ്കിലും ഇത് കെട്ടിച്ചമച്ചതോ വ്യാജമോ ആയ ഹദീസ് അല്ല. സനാദിലെ വ്യക്തിക്ക് അബദ്ധങ്ങൾ പറ്റും എന്ന കാരണത്താൽ ദയീഫ് /മുർസ്സൽ വിഭാഗാത്തിൽപ്പെടുത്തി എന്നെ ഉള്ളൂ. അതിനാൽ റസൂൽ തിരുമേനി ഇങ്ങനെ പറഞ്ഞിരിക്കാനുള്ള സാധ്യത ഉണ്ട്. സുബുഹാനല്ലാ ഇക്കാലത്ത് ജിഹാദ് പ്രായോഗികം അല്ലാ എന്ന് പറയുന്ന നിരവധി പണ്ഡിതരെ കാണുബോൾ ഈ ഹദീസ് ഓർക്കുന്നു. ഇന്ത്യാ മഹാരാജ്യത്ത് ജിഹാദ് പാടില്ല എന്ന് പറയുന്നവരാണ് ഇവിടെയുള്ള ഏതാണ്ട് എല്ലാ പണ്ഡിതരും. ഇന്ത്യയില ജിഹാദിന്റെ സാധ്യതകൾ അന്വേഷിക്കുന്ന ചെറിയ ഒരു ശ്രമമാണ് തുടർന്നുള്ളത്.)))

ഈ ഹദീസ് ദു‍ർബലമാണ് എന്ന് പറയുന്നത് ചില മോഡേൺ മുഹദ്ദിസുകളാണ് എന്നത് അസത്യമാണ്. യഥാർത്ഥത്തിൽ ഇത് കെട്ടിച്ചമച്ച ഹദീസുകളുടെ കൂട്ടത്തിലാണ് പണ്ഡിതർ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രമാണികമോ അല്ലാത്തതോ ആയ ഹദീസ് ഗ്രന്ഥങ്ങളൊന്നും ഇത് റിപ്പോർട്ട് ചെയ്തിട്ടില്ല. ഇബ്നു അസാക്കിർ തന്റെ ചരിത്രഗ്രന്ഥത്തിൽ ഇത് ഉദ്ധരിച്ചിട്ടുണ്ട്. ഇതിലെ നിവേദകരാകട്ടെ ദുർബലരാണ്. അതോടൊപ്പം മറ്റു ന്യൂനതകളും ഇതിനുണ്ട്. ജിഹാദ് എന്നത് സായുധ പോരാട്ടം എന്ന അ‍ർത്ഥത്തിലെടുത്തുകൊണ്ടുള്ള ഒരു വ്യജഹദീസാണിത് എന്ന് ഇതിന്റെ മറ്റുവകഭേദങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ജിഹാദ് എന്നാൽ ഇസ്ലാമിൽ ചെറുതും വലുതുമായ ദൈവികമാ‍ർഗത്തിലുള്ള സകല പരിശ്രമവും ഉൾകൊള്ളുന്നതാണ്. എന്നാൽ സായുധ പോരാട്ടം എന്ന അ‍ർഥത്തിലും ഉപയോഗിച്ചിട്ടുണ്ട്. ഇതിന് സ്ഥലവും കാലവുമൊക്കെ ബാധകമാണ് എന്നതാണ് മുസ്ലിം ലോകം അംഗീകരിക്കുന്നത്. ഏതെങ്കിലും തീവ്രവാദികൾ അല്ല എന്ന് പറയുന്നുണ്ടാവും. പക്ഷെ ഈ ബ്ലോഗിന് പിന്നിലുള്ളവ‍‍ർക്ക് ലോക മുസ്ലിം ജനസമൂഹം ഒന്നടങ്കം വഴിതെറ്റിയവരും മുനാഫിഖുകളും (കപടവിശ്വാസികൾ) ആണ്. ലോകത്ത് കപടവിശ്വാസിയല്ലാത്ത ഒരാൾ ഈ ബ്ലോഗർ മാത്രമാണ് എന്ന് തോന്നും സംസാരം കേട്ടാൽ.  

ബ്ലോഗിലെ അടുത്ത ഖണ്ഡിക നോക്കൂ... 

(((ഇന്ത്യക്ക് പുറത്തുള്ള ജിഹാദി ശൈഖുകൾ എല്ലാം ഇന്ത്യാ ദാറുൽ ഹർബും ഇന്ത്യയിൽ ജിഹാദ് നിർബന്ധവുമാണെന്ന അഭിപ്രായക്കാരുമാണ്. പക്ഷെ അതൊടോപ്പമുള്ള വസ്തുതയാണ് ഇവരെല്ലാവരും തങ്ങളുടെ അഭിപ്രായം രൂപപ്പെടുത്തിയത് കാശ്മീർ എന്ന ഒറ്റ പ്രദേശത്തെ അടിസ്ഥാനമാക്കിയാണ് എന്നത്. കാശ്മീർ അല്ലാത്ത ഇന്ത്യയുടെ ഇതര ഭാഗത്തെ കുറിച്ചോ ജനതയെ കുറിച്ചോ ഇവർക്കൊന്നുമ ഒരു ധാരണയുമില്ല എന്നതും വസ്തുതയാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ കാശ്മീർ ഒഴിച്ചുള്ള ഇന്ത്യയുടെ ഫിഖ്‌ഹുൽ വാഖിയയിൽ ഇവർ അജ്ഞരാണ്. അതിനവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലാ. ഇന്ത്യൻ മുസ്ലീങ്ങളുടെ അവസ്ഥ എന്താണ് എന്ന് ഇന്ത്യക്ക് പുറത്തുള്ള മുസ്ലീം സമൂഹത്തെ അറിയിക്കാനുള്ള ഒരു താല്പര്യവും നാളിതു വരെ ഇന്ത്യൻ മുസ്ലീങ്ങൾ കാണിചിട്ടില്ല.)))

ആരാണ് ഈ ജിഹാദി ശൈഖുകൾ.. അവരു പോലും കാഷ്മീറുമായി ബന്ധപ്പെടുത്തിമാത്രമാണ് ഇന്ത്യയെ ദാറുൽ ഹ‍ർബായി ചിത്രീകരിക്കുന്നത് എന്നതിൽ പ്രയാസപ്പെടുകയാണ് ബ്ലോഗർ. ലോകത്തുള്ള ജിഹാദി ശൈഖുകൾക്കും കാര്യം അറിയില്ല എന്ന് സ്വയം സമാധാനിക്കുന്നു. തങ്ങൾക്കറിയാവുന്നത് ആ ജിഹാദി ശൈഖുകൾക്ക് അറിയാമായിരുന്നെങ്കിൽ അവർ അഭിപ്രായം മാറ്റുമെന്നാണ്  ഈ ഫെയ്ക് ഐഡികൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്നവൻ ആശ്വസിക്കുന്നത്. 

വളരെ രസകരമായ കാര്യം, എന്നാൽ ഇക്കൂട്ടർക്ക് ഇതൊക്കെ ലോകത്തെ ഇതര ശൈഖുമാരെ അറിയിച്ചുകൂടെ എന്നൊരു ചോദ്യത്തിന് ഉത്തരം ഇല്ല എന്നതാണ്. മാത്രമല്ല ബ്ലോഗിൽ സംവദിക്കുന്ന ചില യുക്തിവാദി സുഹൃത്തുക്കളുണ്ട്. എന്റെ ഈ ബ്ലോഗിൽ മാന്യമായി മാത്രം സംവദിച്ചിട്ടുള്ള സുശീലടക്കമുള്ള ഒരു നീണ്ട ലിസ്റ്റ് നൽകിയിട്ട് ചോദിക്കുന്നത് ഇങ്ങനെയാണ്. 

(((വിമർശനം എന്ന പേരിൽ, തരം കിട്ടിയ അവസരത്തിൽ ഇസ്ലാമിനേയും അല്ലഹുവിന്റെ റസൂലിനേയും, ഉമ്മുൽ മുഅ’മിനിനുകളേയും പച്ചതെറിയും, അവഹേളനവും, ഇല്ലാകഥകളും പ്രചരിപ്പിച്ച് അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് ഉമ്മത്തിനെ പിഴപ്പിക്കുന്ന കുറച്ച് കുഫാറുകളും, മുർത്തദുകളുമാണ് മുകളിലേ ചിത്രത്തിൽ ഉള്ളത്. ഇവരോക്കെ മുസ്ലിം സമൂഹത്തിൽ നെഞ്ചും വിരിച്ച് നടക്കുന്നത് ആ സമൂഹത്തിന്റെ പോരായ്മ തന്നെയാണ്. ഇന്ത്യൻ മുസ്ലിങ്ങൾ അത്രക്ക് മുനാഫിഖുകൾ ആയി മാറിയോ? ഇല്ലാ എന്ന് പ്രതീക്ഷിക്കുന്നു.)))

ബ്ലോഗെഴുതിയ മുപ്പ‍ർക്ക് അദ്ദേഹം പറയുന്നതൊന്നും ചെയ്യാൻ വയ്യ. അദ്ദേഹം മറ്റുള്ളവരെ പ്രതീക്ഷിക്കുകയാണ്. പക്ഷെ നിരാശയാണ് ഫലം. കാരണം ഇദ്ദേഹം മനസ്സിലാക്കുന്ന തരത്തിലല്ല ഇന്ത്യയിലെ മുസ്ലിംകളായാലും ലോക മുസ്ലിംകളായാലും ഇസ്ലാമിനെയും ഇന്ത്യയിലെ മുസ്ലികളല്ലാത്തവരെയും കാണുന്നത് എന്നതുകൊണ്ടുതന്നെ. ചിലരെങ്കിലും ഈ ആഹ്വാനം കേട്ട് തൊടുപുഴയിൽ ജോസ്ഫിന്റെ കൈവെട്ടിയ പോലെ വെട്ടുമെന്ന പ്രതീക്ഷയാവും ബ്ലോഗർക്ക്. അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഫലത്തിൽ ഈ ബ്ലോഗിന് പിന്നിൽ ഒരു വ്യക്തിയായാലും ഒരു സംഘമായാലും തനിബഡായി ബഡുക്കൂസുകൾ മാത്രമാണ് എന്ന് ഇതിലെ ഓരോ വരിയും വ്യക്തമാക്കുന്നു. മറ്റൊരു ആവശ്യം നോക്കൂ.

(((ജബ്ര അല്ലാഹുവിന്റെ  ദൂതരെ തെറി വിളിച്ചിട്ടും നെഞ്ചും വിരിച്ചു നടക്കുന്നുണ്ടെങ്കിൽ അതിനർഥം ആ സമൂഹത്തെ അല്ലാഹു കൈവിട്ടു എന്നതാണ്. അല്ലാഹുവിന്റെ ദൂതരെ നിന്ധിക്കുന്നവൻ വധിക്കപ്പെടണം. എന്നതിൽ ഉലാമാക്കൾക്കിടയിൽ ഇജ്മാ ഉണ്ട്. അത് നടപ്പാക്കാൻ ഒരു മുസ്ലിമിന് ആരുടേയും അനുമതി വേണ്ടാ. അല്ലാഹുവിന്റെ ദൂതരെ സ്നേഹിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അല്ലാഹുവിന്റെ വിധി ജബ്രയിൽ നടപ്പാക്കൂ. )))

ഭീരുവായ ഒരു ബഡായി വീരനാണ് ഈ ബ്ലോഗിന് പിന്നിലെന്ന സുചനയാണിത് നൽകുന്നത്. എന്നാൽ ഇത്തരത്തിൽ സംസാരിക്കുന്ന കുറേ ഫെയ്ക് ഐഡികളുണ്ട് എന്ന കാര്യം എല്ലാവർക്കും അറിയാം. അല്ലാഹുവിന്റെ ദൂതരെ നിന്ദിക്കുന്നവർ വധിക്കപ്പെടണം എന്നതിൽ ഉലമാക്കൾക്കിടയിൽ ഇജ്മാഅ് ഉണ്ട് പോലും. അങ്ങനെ സംഭവിച്ചാൽ ആ ശിക്ഷ നടപ്പാക്കാൻ ആരുടെയും അനുവാദം പോലും വേണ്ടത്രെ. അതുകൊണ്ട് ആരെങ്കിലും ഇത് നടപ്പാക്കിത്തരൂ എന്നാണ് ബ്ലോഗറുടെ ആവശ്യം. എങ്ങനെയുണ്ട് ബ്ലോഗ‍ർ, അല്ലെങ്കിൽ ബ്ലോഗിന് പിന്നിലുള്ളവരുടെ ഇസ്ലാമും ഈമാനും മനോദാർഢ്യവുമൊക്കെ എന്ന് അൽപസ്വൽപം ബോധമുള്ളവ‍ർക്കൊക്കെ മനസ്സിലാകും. 

ഇത് മനസ്സിലാകാത്തവരിൽ ഒരു വിഭാഗം (അല്ലെങ്കിൽ മനസ്സിലായില്ല എന്ന് നടിക്കുന്നവർ) ഈ ഫെയ്ക് ബ്ലോഗിലൂടെ ജിഹാദ് നടത്തുന്നവരുടെ (ബ്ലോഹാദി എന്നാണ് ഒരു യുക്തിവാദിയായ നാസർക്കുന്നുംപുറത്തിന്റെ  തന്നെ പ്രയോഗം) ഭീഷണിക്കിരയായ സാക്ഷാൽ യുക്തിവാദികൾ തന്നെയാണ്. ആ യുക്തിവാദികളിൽ ആർക്കും ഇവർ പറയുന്നതാണ് യഥാർഥ ഇസ്ലാം എന്ന കാര്യത്തിൽ സംശയമില്ല. ആ നിലക്ക് ഇസ്ലാമിനെതിരായും ഇസ്ലാമിക പ്രസ്ഥാനത്തിനെതിരായും കടുത്ത ആക്രമണമാണ് നടത്തികൊണ്ടിരിക്കുന്നത്. ഇസ്ലാം ഭീകരമാണ് പ്രവാചകൻ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നു. ഇസ്ലാം തന്നെ ഒരു മനോരോഗമാണ് കണ്ടില്ലേ തെളിവ് എന്നാണ് യുക്തിവാദികൾ ആവേശം കൊള്ളുന്നത്. സത്യത്തിൽ ഈ ബ്ലോഗിലും അതേ പ്രകാരം സോഷ്യൽ മീഡിയയിലും മുസ്ലിം സുഹൃത്തുക്കളിൽ മഹാഭൂരിഭാഗവും ശ്രമിച്ചുകൊണ്ടിരിക്കുന്നത് ഈ ബ്ലോഹാദികളുടെ ആരോപണങ്ങളെ പ്രതിരോധിച്ചതുകൊണ്ടാണ് ജമകുലാവികൾ, കോക്കനട്ട് അപ്പോളജിസ്റ്റുകൾ തുടങ്ങിയ വിശേഷണങ്ങളൊക്കെ ഞങ്ങൾക്ക് ഈ ബ്ലോഹാദികളിൽ നിന്ന് ചാ‍ർത്തിക്കിട്ടിയത്. 

ഈ അവസം മുതലെടുത്തുകൊണ്ട് സി. രവിചന്ദ്രനടക്കമുള്ളവ‍ർ ലക്ഷ്യം വെക്കുന്നത് ഇസ്ലാമിനെ തന്നെയാണ്. സത്യത്തിൽ ഇത്തരം ഗുരുതരമായ അസുഖങ്ങളെ കൈകാര്യം ചെയ്യുന്നത് ഇസ്ലാമിന്റെ തന്നെ ബാനറിൽ നിന്നാണ് അക്കൂട്ടർക്ക് ഏറ്റവും വലിയ പ്രയാസം സൃഷ്ടിക്കുന്നതും ഇസ്ലാമിനെ സമഗ്രമായി ഉൾകൊള്ളുന്നവരിൽനിന്നു തന്നെ. അതിനാൽ മുസ്ലികൾ അവരുടെ തീവ്രചിന്താഗതി പുലർത്താത്തതിന് കാരണം ഭീരുത്വമാണ് എന്നവർ പ്രചരിപ്പിച്ചുവരുന്നു. അവരെ സത്യപ്പെടുത്തുകയാണ് യുക്തിവാദികൾ ചെയ്യുന്നത്. അതേ ഇസ്ലാം ഭീകരമാണ് ഈ ബ്ലോഹാദി (ബ്ലോഗ് + ജിഹാദ്) പറയുന്നതാണ് ശരി എന്ന് ഇക്കൂട്ടർ അംഗീകരിച്ചു കൊടുക്കുന്നു. തങ്ങൾക്ക് ചുറ്റുമുള്ള ആയിരങ്ങളും ലക്ഷങ്ങളും കോടികളുമൊക്കെ വരുന്ന മുസ്ലിം സമൂഹം ഭീരുക്കളോ അല്ലെങ്കിൽ രവിചന്ദ്രൻ പറയുന്നതുപോലെ തന്ത്രക്കാരോ ആയതുകൊണ്ടാണ് എന്ന് യുക്തിവാദികൾ സത്യപ്പെടുത്തുന്നു. ഇതിനെക്കാൾ യുക്തിശൂന്യമായ ഒരു നിലപാട് ഉണ്ടോ. 

നാസർ കുന്നും പുറം ഈ അവസരം മുതലെടുത്ത് ചില ഗവേഷണങ്ങൾ നടത്തുന്നുണ്ട്. ഇതിന് പിന്നിൽ വഹ്ദത്തെ ഇസ്ലാമിയാണെന്നും, അതിലേക്ക് ജമാഅത്തിൽ നിന്ന് കുത്തൊഴുക്കാണെന്നുമൊക്കെയാണ് അത്. ഈ പ്രസ്താവനയിൽ ആദ്യ ഭാഗം സാധ്യതയുള്ള ഊഹം മാത്രമാണ്. രണ്ടാമത്തെതോ ഒട്ടും വസ്തുതാപരമല്ല എന്ന് പറയാൻ ജമാഅത്ത് പ്രവ‍ർത്തകർക്ക് കഴിയും. 

ഒരു കാര്യം കൂടി സൂചിപ്പിക്കേണ്ടതുണ്ട്. ഇസ്ലാം മനുഷ്യനുമായി ബന്ധപ്പെട്ട സകലമേഖലകളെയും ഉൾകൊള്ളുന്ന ഒരു സമഗ്രദ‍ർശനമാണ്. എന്നാൽ അത് സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനുമുള്ള കഴിവും അവസരവും മനുഷ്യർക്ക് നൽകിയിരിക്കുന്നു. മതത്തിൽ ബലാൽകാരമില്ല എന്നത് ഖു‍ർആനിന്റെ തന്നെ അടിസ്ഥാന തത്വമാണ്. ഈ മതം പ്രചരിപ്പിക്കാൻ മനുഷ്യന്റെ ബുദ്ധിയും യുക്തിയും തന്നെയാണ് അവലംബിക്കുന്നത്. ഖു‍ർആൻ പരിശോധിച്ചാലും ആ കാര്യം വ്യക്തമാകും. ഖുർആനിലെ പകുതിയോളം ഭാഗവും ഇസ്ലാമിനെ യുക്തിപൂർവ്വം പ്രബോധനം ചെയ്യുന്നതിന് വേണ്ടിയാണ് ഉപയോഗിച്ചിട്ടുള്ളത്. മുഹമ്മദ് നബി ഒരു മനുഷ്യനായിരുന്നു. പ്രവാചകനായിരുന്നു. പ്രബോധകനായിരുന്നു. അതോടൊപ്പം മദീനയിൽ അദ്ദേഹം ഒരു ഭരണാധികാരികൂടിയായിരുന്നു. അതുകൊണ്ടുതന്നെ ഒരു ഭരണകൂടത്തിന് ആവശ്യമായ നിയമനി‍ർദ്ദേശങ്ങൾ ഇസ്ലാമിലുണ്ട്. യുദ്ധം ആരോട് എപ്പോൾ എന്നതൊക്കെ സംശയരഹിതമായി പണ്ഡിതൻമാർ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇന്ത്യപോലൊരു രാജ്യത്ത് സായുധ ജിഹാദാകാം എന്ന് പറയുന്ന പണ്ഡിതന്മാർ ആരെങ്കിലുമുണ്ടെങ്കിൽ അവ‍ർ വല്ല തീവ്രവാദ സംഘങ്ങളിലും പെട്ടവരാകും. അവര് തന്നെയും കാശ്മീർ ഉദ്ദേശിച്ചാണ് അപ്രകാരം പറയുന്നത് എന്നാണ് ഈ ബ്ലോഹിദി തന്നെ വ്യക്തമാക്കുന്നത് എന്നിരിക്കെ ഇന്ത്യൻ മുസ്ലികളെയൊക്കെ അപരവൽക്കരിക്കാനും അവ‍രെയൊക്കെ സംശയിക്കണം എന്ന നിലപാടിലേക്കെത്താനും യുക്തിവാദികൾ എന്ന് പറയുന്നവ‍ർക്ക് എങ്ങനെ സാധിക്കുന്നു. യുക്തിയുടെ ലാഞ്ചന പോലും നിങ്ങളുടെ വാദങ്ങളിൽ കാണപ്പെടുന്നില്ല എന്ന് പറയുന്നത് ഒരു സത്യം മാത്രമാണ്. 

അതോടൊപ്പം ഇത്തരം ബ്ലോഗിന് പിന്നിൽ ആരായാലും അവർ ഇസ്ലാമിനും സമൂഹത്തിനും ചെയ്യുന്ന ഉപദ്രവം ചെറുതല്ല. അത്തരം ആളുകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതും നിയന്ത്രിക്കേണ്ടതും ഒരു സാമുഹികാവശ്യമാണ് .

(((കോക്കനട്ട് അപൊളജറ്റിക്കുകൾ മുസ്ലീം സമുദായത്തെ പഠിപ്പിക്കുന്നില്ല എങ്കിലും ദീനിലെ അടിസ്ഥാന നിയമം ആണ് ഒരു മുസ്ലീമും അമുസ്ലീമും തമ്മിലുള്ള അടിസ്ഥാന ബന്ധം യുദ്ധത്തിന്റെതാണ്. അഥവാ ജിഹാദിന്റെതാണ്. )))
ഈ പോസ്റ്റ് അവസാനിപ്പിക്കുന്നതിന് മുമ്പ് ഈ പ്രസ്താവനക്ക് കൂടി പ്രതികരണം നൽകണമെന്ന് തോന്നുന്നു. ഒരു മുസ്ലിമും ഒരു അമുസ്ലിമും തമ്മിലുള്ള അടിസ്ഥാന ബന്ധം യുദ്ധമല്ല. അവർ രണ്ടുപേരും ഒരേ മാതാവിന്റെയും പിതാവിന്റെയും മക്കളാണ് എന്നതാണ് അതിനാൽ സഹോദരങ്ങളാണ്. അതിലും ഉപരിയായി അവർ രണ്ടുപേരും ഒരേ സ്രഷ്ടാവിന്റെ സൃഷ്ടികളാണ് എന്നതാണ്. ഇനി മറ്റൊരു രൂപത്തിൽ നോക്കുയാണെങ്കിൽ ഒരാൾക്ക് ദൈവിക സന്ദേശം ലഭിച്ചു മറ്റെ ആൾക്ക് അത് ലഭിച്ചില്ല എന്ന വ്യത്യാസമാണ്. ഇതാകട്ടെ അവരോട് തെറ്റായ നയം അനുവർത്തിക്കാനുള്ള കാരണമേ അല്ല.

അതിനാൽ മനസ്സിലാക്കേണ്ടത്. ഇത്തരം അവിവേകികളെ യഥാർഥ ഇസ്ലാമിലൂടെ മാത്രമേ ചികിത്സിക്കാനാവൂ എന്നതാണ്.  2016, ഏപ്രിൽ 21, വ്യാഴാഴ്‌ച

ദൈവമെന്താണെന്ന് പറയൂ.. അതൊരു സങ്കൽപമല്ലേ ?Vb Rajan said.. ദൈവം എന്താണെന്ന് ആരും വിശദീകരിക്കുന്നില്ലല്ലോ? ദൈവം മാനുഷ്യന്റെ സങ്കല്പം മാത്രമാണെന്ന് ഞാൻ പറഞ്ഞു. അങ്ങനെ അല്ലങ്കിൽ പിന്നെ എന്തെന്ന് പറയു.
****************************************************************


ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ടാകണം എന്ന് മനുഷ്യപ്രകൃതി അവനോട് ആവശ്യപ്പെടുന്നുണ്ട്. അതുകൊണ്ടാണ് മനുഷ്യർ പൊതുവെ ഒരു ദൈവത്തിൽ വിശ്വസിക്കുന്നത്. വളരെ കുറച്ചാളുകൾ വളരെ പണിപ്പെട്ടാണ് തങ്ങളുടെ ദൈവനിഷേധം കൊണ്ടുനടക്കുന്നത്. നിരീശ്വരർ സ്വയം ചില അബദ്ധധാരണകൾ അരക്കിട്ടുറപ്പിച്ച് വിശ്വസിച്ചാണ് ദൈവത്തെ ഹൃദയത്തിൽനിന്ന് പുറത്താക്കുന്നത്. പരിണാമവാദമാണ് അവരുടെ ഒരു പ്രധാന തുരുപ്പ് ശീട്ട്. 

മനുഷ്യൻ ദൈവവിശ്വാസിയാവുക എന്നതിൽ വലിയ കാര്യമില്ല. ഇവയൊന്നും തനിയെ ഉണ്ടായതാവാൻ സാധ്യതയില്ല എന്ന വിചാരമുൾക്കൊള്ളുന്ന തന്റെ യുക്തിയെ തൃപ്തിപ്പെടുത്താനും, തന്റെ പ്രയാസങ്ങൾ നീക്കാനുമുള്ള ഒരു അത്താണി മാത്രമായതിനെ കൊണ്ടുപോകുന്നു പലരും. വലിയ ഒരു വിഭാഗം മനുഷ്യരെ സംബന്ധിച്ച് ദൈവം ഒരു സങ്കൽപം മാത്രമാണ്. ദൈവസങ്കൽപം എന്ന പ്രയോഗം തന്നെ അതാണ് സൂചിപ്പിക്കുന്നത്. 

എന്നാൽ വേദഗ്രന്ഥത്തിൽ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം കേവലം ഒരു സങ്കൽപത്തിനപ്പുറത്തേക്ക് ദൈവവിശ്വാസം കടക്കുന്നു. കൃസ്ത്യാനികളും ജൂതരും മുസ്ലികളുമൊക്കെ അങ്ങനെയാണ്. ഇവരോട് നിങ്ങളുടെ ദൈവം വെറുമൊരു സങ്കൽപമല്ലേ എന്ന് ചോദിച്ചാൽ അല്ല എന്നുതന്നെ അവർ മറുപടിപറയും. അവരുട മനസ്സിലെ ദൈവരൂപം അവർ സ്വയം ഉണ്ടാക്കിയതല്ല വേദഗ്രന്ഥം അവർക്ക് നൽകിയതാണ്. ആ ചിത്രം തങ്ങളുടെ യുക്തിക്ക് നിരക്കുന്നതാകട്ടെ അല്ലാതിരിക്കട്ടെ അവരതിൽ വിശ്വസിക്കുന്നു. കാരണം വേദം സത്യമാണ് എന്ന് അവർ വിശ്വസിക്കുനു. 

മൂന്നാമത്തെ തലത്തിലാണ് ഖുർആൻ പരിചയപ്പെടുത്തുന്ന ദൈവം. അത് ഒരു സ്രഷ്ടാവ് മാത്രമല്ല, നിയന്താവും, പരിപാലകനും കൂടിയാണ്. മനുഷ്യർക്ക് ആവശ്യമായ നിയമം നൽകിയവനും, മനുഷ്യന്റെ അന്നദാതാവും സംരക്ഷകനും ആണ്. എല്ലാറ്റിലുമുപരി തങ്ങളെ നിരന്തരം വീക്ഷിച്ചിരിക്കുന്നവനും മരണശേഷം തങ്ങളുടെ ഇവിടുത്തെ പ്രവർത്തനങ്ങളുടെ പേരിൽ പരലോകത്ത് രക്ഷാശിക്ഷകൾ നൽകുന്നവനുമാണ്. 

മുസ്ലിംകളെ സംബന്ധിച്ച് ഇത് കേവലം ഒരു സങ്കൽപമല്ല. കേവലം വിശ്വാസം പോലുമല്ല. ദൃഢബോധ്യമാണ്. ഈ വിശ്വാസം അവർക്ക് നൽകുന്ന മനസ്സമാധാനവും ശക്തിയും ഒന്ന് വേറെത്തന്നെയാണ്. 

പ്രിയ സുഹൃത്ത്  വി.ബി. രാജന് എനിക്ക് നൽകാവുന്ന ചുരുങ്ങിയ മറുപടി ഇതാണ്.

2016, മാർച്ച് 11, വെള്ളിയാഴ്‌ച

നബി ആയിശയെ വിവാഹം കഴിച്ചത് 18 ല്‍ ?

മലപ്പുറം ജില്ലയില്‍ മേലാറ്റൂരിനടുത്ത് ഒരു ഗ്രാമത്തില്‍ അവിടുത്തെ ഇസ്ലാമിക പ്രവര്‍ത്തകര്‍ നബിദിനത്തോട് അനുബന്ധിച്ച് നബിയുടെ സന്ദേശം പരിചയപ്പെടുത്തുന്നതിനും മറ്റുമായി ഒരു ടാബ്ള്‍ ടോക്ക് സംഘടിപ്പിച്ചു. സമൂഹത്തിലെ വിവിധ മതവിഭാഗങ്ങളില്‍പെട്ട അഭ്യസ്ഥവിദ്യരേയും ക്ഷണിച്ച പ്രസ്തുത യോഗത്തില്‍ സംഘാടകരെ അമ്പരപ്പിച്ച് ഒരു അമുസ്ലിം സുഹൃത്ത് ഒരു  കാര്യം പറഞ്ഞു. പൊതുവെ അത്തരം യോഗത്തില്‍ നബിയെക്കുറിച്ച് തങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞുപോവുകയാണ് രീതി. അതുകൊണ്ടു തന്നെ ആരെങ്കിലും ആരോപണം ഉന്നയിച്ചാല്‍ അതിന് മറുപടിയും വാദപ്രതിവാദവും  അത്തരം സന്ദര്‍ഭത്തില്‍ പ്രതീക്ഷിക്കുന്നില്ല. അദ്ദേഹം പറഞ്ഞത് ഇതാണ്...  "മുഹമ്മദ് നബിയെ സംബന്ധിച്ച് ഇവിടെ കേട്ടതൊക്കെ ഞാനും അംഗീകരിക്കുന്നു. പക്ഷെ മുഹമ്മദ് നബി ആയിശയെ വിവാഹം കഴിച്ചത് ഒരു നിലക്കും നീതീകരിക്കാനാവില്ല. അതേക്കുറിച്ച് നിങ്ങളുടെ ന്യയവാദങ്ങളും എനിക്ക് കേള്‍ക്കേണ്ട ...." ഇത് പ്രസ്തുതപരിപാടിയുടെ സംഘാടനം നടത്തിയ ഒരു സുഹൃത്ത് നേരിട്ടപറഞ്ഞതാണ്.

പുതിയ ലോകത്ത് നബി ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ വിവാഹത്തിന്റെ കാര്യത്തിലാണ്. അതില്‍ ഒന്ന് രണ്ട് വിവാഹം പ്രത്യേകം വിമര്‍ശിക്കപ്പെടുന്നു. ഒന്ന് സൈനബിനെ വിവാഹം  മറ്റൊന്ന് സഫിയയുടെ വിവാഹം എന്നാല്‍ ആവര്‍ത്തിച്ചുരുവിടുകയും ലോകമാസകലം കാര്‍ട്ടൂണുകളിലൂടെയും ചിത്രങ്ങളിലൂടെയും ലഭ്യമായ എല്ലാ മീഡിയയും ഉപയോഗിച്ച് വിമര്‍ശിക്കുന്ന വിവാഹം ആയിശയുടേതാണ്. നബി ആയിശയെ ആറാം വയസ്സില്‍ വിവാഹം ചെയ്യുകയും 9ാം വയസ്സില്‍  ദാമ്പത്യബന്ധം ആരംഭിക്കുകയും ചെയ്തുവെന്ന് പറഞ്ഞാല്‍ ഒട്ടും സംശയിക്കേണ്ടതില്ലാത്ത പരമസത്യമായിട്ടാണ് മുസ്ലിം ലോകം പൊതുവെ മനസ്സിലാക്കുന്നത്. എന്നാല്‍ പലപ്പോഴും പൊതുചിന്തക്കുപരിയായ ചില സത്യങ്ങള്‍ ഇനിയും വേണ്ടത്ര പുറത്ത് വരാതെ കിടക്കുന്ന അനുഭവങ്ങള്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. ആ ഏതാണ് രണ്ട് വര്‍ഷം മുമ്പ് നബിയുടെ വിവാഹവുമായി ഈ ബ്ലോഗില്‍ ചില പോസ്റ്റുകള്‍ ഇട്ടപ്പോള്‍ ഇക്കാര്യത്തില്‍ വെറുതെ ഒരു അന്വേഷണം നടത്തിയിരുന്നു. അപ്പോള്‍ മനസ്സിലായത്. നബി ആയിശയെ ആറാം വയസ്സില്‍ വിവാഹം കഴിക്കുകയും 9ാം വയസ്സില്‍ വീട്ടില്‍ കൂടി എന്നതും നിര്‍ബന്ധമായും ഒരു വിശ്വാസി വിശ്വസിച്ചംഗീകരിക്കേണ്ട ഒരു കാര്യമല്ല എന്നാണ്.

ഇസ്ലാം വിമര്‍ശകര്‍ കാര്യമായി ഒരു ആരോപണമായി ഉന്നയിക്കാത്ത വിഷയമാണ് നബിയുടെ വിവാഹങ്ങള്‍ പുതിയ കാലഘട്ടത്തിലാണ് അത് ആരംഭിച്ചത്. നമ്മുടെ നാട്ടില്‍ വരെ ചെറുപ്പത്തില്‍ വിവാഹം കഴിക്കുന്ന സമ്പ്രദായം എല്ലാ മതവിഭാഗങ്ങളിലും നിലനിന്നതിനാല്‍ അത് ഒരു വിഷയമായി പൊതുവെ കണ്ടിരുന്നില്ല. എന്നാല്‍ ബഹുഭാര്യത്വം തന്നെ ഏറ്റവും വലിയ ഒരു 'തിന്മ'യാകുകയും , വിവാഹം എന്നത് മനുഷ്യന്റെ ലൈംഗിക ബന്ധങ്ങളുടെ മുന്നുപാധിയല്ല എന്ന ആധുനിവീക്ഷണം ശക്തിപ്പെടുകയുമൊക്കെ ചെയ്തപ്പോള്‍ പ്രത്യക്ഷപ്പെട്ടുവന്ന ഒരു ആരോപണമാണ് ആയിശയുടെ വിവാഹം. അതുകൊണ്ട് തന്നെ ഇസ്ലാമിക പണ്ഡിതര്‍ക്ക് ഇക്കാര്യത്തില്‍ ജനങ്ങളുടെ ധാരണ തിരുത്തുന്നവിധം ഒരു ഗവേഷണം ആവശ്യമുണ്ടായിരുന്നില്ല. പക്ഷെ ഇപ്പോള്‍ നാം അക്കാര്യത്തെക്കുറിച്ച് ഒരു പുനരാലോചന നടത്താന്‍ നിര്‍ബന്ധിതമായിരിക്കുന്നു.

നബി(സ) ആയിശയെ വിവാഹം ചെയ്തത് 9 വയസില്‍ തന്നെ എന്നവാദം മുഖവിലക്കെടുത്ത് എമ്പാടും ന്യായം ഇസ്ലാമിക പക്ഷത്ത് നിന്ന് നല്‍കപ്പെട്ടിട്ടുണ്ട്. അതില്‍ സാഹചര്യത്തിന്റെയും കാലത്തിന്റെയും അവസ്ഥപരിഗണിച്ചുകൊണ്ട് ആരോപണം ഉന്നയിച്ചവര്‍ ആ ന്യയീകരണത്തില്‍ തൃപ്തിപ്പെടുന്നതും കാണാറുണ്ട്.

ആദ്യമായി മനസ്സിലാക്കേണ്ടത്. സംഭവം അദൃശ്യമായ ഒരു വിശ്വാസകാര്യമല്ല. ചരിത്രപരമായ ഒരു കാര്യം മാത്രമാണ്. വിശ്വാസയോഗ്യമെന്ന് കരുതുന്ന ഒരു ഹദീസിന്റെയോ ഏതെങ്കിലും സ്വഹാബിയുടെ റിപ്പോര്‍ട്ടിനെ അവലംബിച്ച് മാത്രം നിഗമനത്തിലെത്തേണ്ട കാര്യമല്ല ചരിത്രം.  ഈ സംഭവം ചരിത്രവസ്തുതകളോട് എത്രമാത്രം യോജിച്ചുപോകുന്നുവെന്ന് ആദ്യമായി ചിന്തിക്കാവുന്നതാണ്.  മലയാളത്തില്‍ കാര്യമായി പ്രചാരത്തില്‍ വന്നിട്ടില്ലെങ്കിലും അറബിയില്‍ ഇതുമായി ബന്ധപ്പെട്ട ചരിത്ര വിശകലനം ധാരാളം കാണാം. അതനുസരിച്ച് ആയിശയെ 6-9 ല്‍ വിവാഹം ചെയ്തുവന്നത് യുക്തിപരമായി യോജിക്കാന്‍ കഴിയുന്ന ഒന്നല്ല. സംശയരഹിതമായ ചരിത്ര വസ്തുതകളെ ഈ വിഷയവുമായി ഒന്ന് ബന്ധിപ്പിച്ചു നോക്കാം. അതനുസരിച്ച് ആയിശയുടെ വയസ് നബി വിവാഹം ചെയ്യുമ്പോള്‍ പതിനെട്ടായിരുന്നുവെന്നാണ് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്.

ഒന്നാമത്തെ തെളിവ് : ആയിശ (റ) ടെ ജനനവുമായി ബന്ധപ്പെടുത്തി.

നബി(സ) പ്രവാചകത്വം ലഭിച്ചതിന് ശേഷം 13 വര്‍ഷം മക്കയിലും 10 വര്‍ഷം മദീനയിലുമാണ് ജീവിതം നയിച്ചത്. ദിവ്യബോധനത്തിന്റെ ആരംഭം ക്രി.വര്‍ഷം 610 ല്‍ ആയിരുന്നു. 13 വര്‍ഷത്തെ മക്കജീവിതത്തിന് ശേഷം മദീനയിലേക്കുള്ള പലായനം ക്രി. 623 ലും നബിയുടെ മരണം ക്രി. 633 ലും ആയിരുന്നു. ഇത്രയും കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസം ഇല്ല. നബി (സ) ആയിശ (റ)യെ വിവാഹം ചെയ്തത് പലായനത്തിന്റെ മുന്ന് വര്‍ഷം മുമ്പാണ് അതായത് ക്രി. വര്‍ഷം 620 ല്‍ . മറ്റൊരു രൂപത്തില്‍ പറഞ്ഞാല്‍ പ്രവാചകത്വം ലഭിച്ച് പത്താം വര്‍ഷത്തിലാണ് നബി ആയിശ(റ)യെ വിവാഹം കഴിക്കുന്നത്. അന്ന് ആയിശക്ക് 6 വയസ് പ്രായം.  പിന്നീട് നബി പലായനം ചെയ്ത് മദീനയിലെത്തി ഹിജ്‌റയുടെ ഒന്നാം വര്‍ഷം അവസാനത്തിലാണ് ദാമ്പത്യബന്ധം ആരംഭിക്കുന്നത് അഥവാ ക്രി. 623 ല്‍ അപ്പോള്‍ ആയിശ (റ)യുടെ പ്രായം 9 വയസ് പൂര്‍ത്തിയാകുന്നു. ഇത് അര്‍ഥമാക്കുന്നത് ആയിശ (റ) ജനിച്ചത് ക്രി. 614ല്‍ ആണ് എന്നാണല്ലോ അഥവാ പ്രവാചകത്വം ലഭിച്ച് നാല് വര്‍ഷത്തിന് ശേഷം. ഇങ്ങനെയാണ് ബുഖാരിയുടെ നിവേദനം അനുസരിച്ച് സംഭവിക്കേണ്ടത്.

എന്നാല്‍ ചരിത്രവുമായി ബന്ധപ്പെടുത്തി ഇക്കാര്യത്തെ മനസ്സിലാക്കുമ്പോള്‍ ഇതര ചരിത്ര വസ്തുതകളുമായി ഇത് തീരെ യോജിക്കുന്നില്ല. പ്രത്യേകിച്ച് അവരുടെ സഹോദരിയായ അസ്മാഅ് ബിന്‍ത് അബൂബക്കറിന്റെ വയസുമായി ബന്ധപ്പെടുത്തുമ്പോള്‍ . ആയിശയെക്കാള്‍ 10 വയസിന് മൂത്തതാണ് അസ്മാഅ് എന്നാണ് ചരിത്രത്തില്‍നിന്ന് വ്യക്തമാകുന്നത്. അപ്രകാരം ചരിത്രസ്രോതസുകളില്‍നിന്ന് അവര്‍ മദീനയിലേക്കുള്ള ഹിജ്‌റക്ക് 27 വര്‍ഷം മുമ്പാണ് ജനിച്ചതെന്ന് മനസ്സിലാകുന്നു. എന്ന് വെച്ചാല്‍ 610 ല്‍ നബിക്ക് പ്രാചകത്വം ലഭിക്കുമ്പോള്‍ അവരുടെ വയസ് 14 (27-13=14) സകലമാന ചരിത്ര രേഖകളും സംശലേശമന്യ അസ്മക്ക് 10 വയസിന്റെ വ്യത്യാസമാണുണ്ടായിരുന്നതെന്ന്  വ്യക്തമാക്കുന്നു. അതനുസരിച്ച് നുബുവത്തിന്റ സന്ദര്‍ഭത്തില്‍ ആയിശ(റ) വയസ് നാലായിരിക്കണം. അതായത് ആയിശയുടെ ജനനം ക്രി.വ. 606 ല്‍ .

ഇതില്‍നിന്നും വ്യക്തമാകുന്നത് പ്രവാചകത്വത്തിന്റെ പത്താവര്‍ഷം നബി ആയിശ(റ) വിവാഹം കഴിക്കുമ്പോള്‍ അവര്‍ക്ക് 14 (4+10=14)വയസ് ആയിരുന്നുവെന്നാണ്. അഥവാ ക്രി.വ. 606 ല്‍ ജനിച്ച ആയിശ(റ)യെ നബി കി.വ. 620 ല്‍ വിവാഹം ചെയ്തു. മദീനയില്‍ ഹിജ്‌റ ചെയ്‌തെത്തി ഒന്നാം വര്‍ഷം അവസാനത്തിലാണ് (ക്രി. 624) നബി ആയിശ(റ) വീട്ടില്‍ കൂടുന്നത്. എന്ന് വെച്ചാല്‍ ആശിയയുടെ പതിനെട്ടാം (14+3+1=18) വയസ്സില്‍ . ഇതാണ് ചരിത്രപരമായി നബി (സ) ആയിശ (റ) നെ വിവാഹം ചെയ്യുമ്പോള്‍ അവരുടെ യഥാര്‍ഥ പ്രായം.

രണ്ടാമത്തെ തെളിവ്  : അസ്മാഅ് (റ) ന്റെ മരണവുമായി ബന്ധപ്പെടുത്തി.

അമാഅ് (റ) ന്റെ പുത്രനായ അബ്ദുല്ലാഹിബ്‌നു സുബൈര്‍ (റ) ഹജ്ജാജ്ബ്‌നു യൂസുഫ് എന്ന ഗവര്‍ണറുടെ കയ്യാല്‍ കൊല്ലപ്പെടുന്നത് ഹിജ്‌റ വര്‍ഷം 73 ന് ആണ്. അന്ന് ആയിശ(റ) യുടെ മൂത്ത സഹോദരിയായ അസ്മാഅ് (റ) പ്രായം കൃത്യം 100 ആണ്. ഇത് വെച്ച് നാം കണക്കാക്കിയാല്‍ ഹിജ്‌റയുടെ 27 വര്‍ഷം മുമ്പാണ് അസ്മാഅ് (റ) ജനിച്ചതെന്ന് തഖ്‌രീബു തഹ്ദീബിലും അല്‍ ബിദായ വന്നിഹായയിലും കാണുന്നു (100 - 73=27). അഥവാ ഹിജ്‌റ സംഭവിക്കുമ്പോള്‍ അസ്മാഅിന്‌റെ പ്രായം 27. അസ്മാഅിന് ആയിശയേക്കാള്‍ 10 വയസ് കൂടുതല്‍ പ്രായം ഉണ്ടായിരുന്നുവെന്ന് ചരിത്രവസ്തുതകള്‍ വെച്ച് അംഗീകരിച്ചാല്‍ ഹിജ്‌റ സംഭവിക്കുമ്പോള്‍ ആയിശ (റ) ന്റെ പ്രായം 17. ഹിജ്‌റ ഒന്നാം വര്‍ഷമാണ് നബി ആയിശയുടെ ദാമ്പത്യം ആരംഭിക്കുന്നത് എന്നതിനാല്‍ അത് നടന്നത് 18ാം വയസ്സിലാണ് എന്ന് കൃത്യമായി പറയാം.

മൂന്നാമത്തെ തെളിവ് : ത്വബ്റിയുടെ ചരിത്രം അനുസരിച്ച്

അബൂബക്കറിന് തന്റെ മക്കളെല്ലാം ജനിച്ചത്  നബിയുടെ പ്രവാചകത്വത്തിന്റെ മുമ്പ് (ജാഹിലിയാ കാലത്ത്) ആണ് എന്ന് ത്വബ് രി അദ്ദേഹത്തിന്റെ കിതാബുല്‍ ഉമമ്‍ (സമൂഹത്തിന്റെ ചരിത്രം) എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു. ഇതനുസരിച്ച് നാം നേരത്തെ പറഞ്ഞ, ആയിശ (റ) ജനിച്ചത് നുബുവത്തിന് 4 വര്‍ഷം മുമ്പാണ് എന്ന ചരിത്ര നിഗമനവുമായി ഒത്തുവരുന്നു.

കാര്യം ഇങ്ങനെയായിരിക്കെ എന്തുകൊണ്ട് മുസ്ലിം സമൂഹം ഇത് ഒരിക്കലും പറയുന്നില്ല എന്ന ചോദിച്ചേക്കാം. ഉടനെ തന്നെ ഇത് ഒരു ക്ഷമാപണ മനസ്സിന്റെ ന്യായീകരിക്കാനുള്ള വ്യഗ്രതയുമാണ് എന്ന് എഴുതി തള്ളിയേക്കാം. ആയിശ (റ) പറയുന്നതായി ബുഖാരി ഉദ്ധരിക്കുന്ന ഒരു ഹദീസാണ് ഈ ചരിത്ര സത്യങ്ങളൊക്കെ നിരാകരിക്കാന്‍ നമുക്ക് തടസ്സമായി നിന്നത്. അതില്‍ ആയിശ പറയുന്നു. "എനിക്ക് ആറ് വയസ്സുണ്ടായിരിക്കെ നബി തിരുമേനി എന്നെ വിവാഹം ചെയ്തു. അങ്ങനെ ഞങ്ങള്‍ മദീനയിലെത്തി. അവിടെ വെച്ച് എനിക്ക് 9 വയസ്സായിരിക്കെ നബിയിലേക്ക് ഏല്‍പിച്ചുകൊടുക്കുകയും ചെയ്തു."

ഈ ഹദീസിനെ ഒന്ന് വിശകലനം ചെയ്യേണ്ടതുണ്ട്. എവിടയോ ഒരു പിശകുണ്ട്. അത് എവിടയാണ് എന്നാണ് നാം കണ്ടെത്തേണ്ടത്. അതേക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്ത റിപ്പോര്‍ട്ടറിലാണ് നാം ആദ്യം ചെന്നത്തുക.

1) ആയിഷ (റ)യുടെ വിവഹപ്രായം ഒന്‍പത് ആണ് എന്ന അധിക റിപ്പോര്‍ട്ട്കളും ഹിശാമുബ്‌നു ഉര്‍വ തന്റെ പിതാവില്‍നിന്ന്  ഉദ്ദരിക്കുന്നതായാണ് ഉള്ളത്. പ്രവാചകന്റെയും ആയിഷയുടെയും വിവാഹം ആയതുകൊണ്ട് തന്നെ സുപ്രസിദ്ധമാവേണ്ടിയിരുന്നതും ഒരുപാടു ആളുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടിയിരുന്നതുമായ ഒരു വിഷയം പ്ഹിശാമുബ്‌നു ഉര്‍വയില്‍ മാത്രം എന്ത് കൊണ്ട് കേന്ദ്രീകരിക്കപെട്ടു എന്നതാണ് ഒന്നാമത്തെ സംശയം.

2) ഹിശാമുബ്‌നു ഉര്‍വഃ 71 വയസ്സ് വരെ മദീനഃയിലാണ് കഴിച്ചു കൂട്ടിയത്. പക്ഷെ മദീനയില്‍ നിന്ന് ഒരാള്‍ പോലും ഇദ്ദേഹത്തില്‍ നിന്ന് സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നില്ല. 71 വയസ്സിനു ശേഷം അദ്ദേഹം താമസം മാറിയ ഇറാഖില്‍ നിന്ന് ആണ് വിഷയ സംബന്ധമായ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട്കള്‍ മുഴുവന്‍ വരുന്നത്. എഴുപത് വയസ്സ് കഴിഞ്ഞ ഒരാള്‍ പഴയ കാര്യങ്ങളെ അനുസ്മരിക്കുമ്പോള്‍ എത്രത്തോളം കൃത്യത കാണിക്കും എന്ന് നമുക്ക് ഇന്നും പരിശോധിച്ചു നോക്കാവുന്നതണല്ലോ..

3) ഹദീസ് റിപ്പോര്‍ട്ടര്‍മാരുടെ ആധികാരികതയെ കുറിച്ച് പ്രതിപാദിക്കുന്ന 'തഖ്‌രീബു തഹ്ദീബ് ' എന്ന ഗ്രന്ഥത്തില്‍ ഹിശാമുബ്‌നു ഉര്‍വയെ കുറിച്ച് യഅ്ഖൂബ് ബ്‌നു ശൈബഃ പറയുന്നു ''ഇറാഖിലെആളുകള്‍ വഴിയല്ലാതെ അദ്ദേഹത്തില്‍ നിന്ന് വന്ന റിപ്പോര്‍ട്ടുകള്‍ സ്വീകാര്യ യോഗ്യം ആണ് (അതായത് അദ്ദേഹം വൃദ്ധന്‍ ആവുന്നതിനു മുമ്പ്). ഇമാം മാലിക് ബ്‌നു അനസ് (റ) ഹിശാമുബ്‌നു ഉര്‍വയില്‍ നിന്നും ഇറാഖികലൂടെ വന്ന മുഴുവന്‍ ഹദീസുകളും തള്ളികളഞ്ഞിരുന്നു (വാല്യം 11 പേ: 4851) ഹദീസ് റിപ്പോര്‍ട്ടര്‍മാരെ കുറിച്ച് പ്രതിപാദിക്കുന്ന മറ്റൊരു ഗ്രന്ഥം ആയ 'മീസാനുല്‍ ഇഅ്തിദാലില്‍ പറയുന്നു: ' പ്രായമായ ഹിശാമുബ്‌നു ഉര്‍വയുടെ ഓര്‍മ ശക്തി വളരെ കുറവ് ആയിരുന്നു (വാല്യം 4, പേജ്:301, 302).

അപ്പോള്‍ നമുക്ക് സ്വാഭാവികമായും എത്തിച്ചേരാവുന്ന നിഗമനം. ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്ത ഹിശാമ്ബുനു ഉര്‍വക്ക് പിശക് സംഭവിച്ചിരിക്കുന്നുവെന്നാണ്. എന്നാല്‍ ബുഖാരിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് ലഭിച്ച പരമ്പരയനുസരിച്ച് ഈ ഹദീസ് സ്വഹീഹാണ്. തന്റെ ആറാം വയസ്സില്‍ നടന്ന ഒരു സംഭവമാണ് ആയിശ (റ) പറയുന്നത് എന്നതില്‍ സംഭവിച്ചിരിക്കാനുള്ള മറ്റൊരു സാധ്യതയെ കുറേകൂടി ഉറപ്പായ ഒരു സാധ്യത നിലനില്‍ക്കുന്നതിനാല്‍ നാം പരിഗണിക്കേണ്ടതില്ല. നാം മുകളില്‍ പറഞ്ഞ വളരെ വ്യക്തമായതും യുക്തിഭദ്രമായതുമായ ചരിത്രത്തെ വിസ്മരിച്ച് അംഗീകരിക്കേണ്ട അവസ്ഥയിലല്ല ഈ ഹദീസുള്ളത് എന്ന് വ്യക്തമാണല്ലോ. കുറേകൂടി ചരിത്ര വിശകലനങ്ങള്‍ ശ്രദ്ധിക്കുക. എങ്ങനയായാലും ആറ് - ഒമ്പത് വയസ് ഒരുനിലക്കും സ്വീകാര്യമല്ലെന്ന് കാണാവുന്നതാണ്.


1. പൊതു ധാരണയനുസരിച്ച് ജ്‌റഃയുടെ 8 വര്‍ഷം മുമ്പാണ് ആഇശഃ(റ) ജനിച്ചത്.എന്നാല്‍ 'സ്വഹീഹുല്‍ ബുഖാരി' യിലെ 'കിതാബുതഫ്‌സീറില്‍' വന്ന ഒരു ഹദീസില്‍ സൂറത്തുല്‍ ഖമര്‍ അവതരിച്ച സമയത്ത് ആഇശഃ(റ) കൌമാര പ്രയക്കാരിയായിരുന്നു എന്ന് പറയുന്നു. സൂറത്തുല്‍ ഖമര്‍ ഹിജ്‌റക്ക് ഏഴു വര്‍ഷം മുമ്പാണല്ലോ അവതരിച്ചത്. അങ്ങിനെ നോക്കുമ്പോള്‍ ഹിജ്‌റ സമയത്ത് ആയിഷ (റ) പ്രായം 9 പോരാ. ഹിശാമുബ്‌നു ഉര്‍വയുടെ റിപ്പോര്‍ട്ട്കളില്‍ വരുന്ന പ്രായം തെറ്റാണു എന്ന് ഇത് വ്യക്തമാക്കുന്നു.

2. ബദര്‍ , ഉഹുദ് യുദ്ധങ്ങളില്‍ ആയിഷ (റ) പങ്കെടുത്തിരുന്നു എന്ന് ഒന്നിലധികം റിപ്പോര്‍ട്ട്കളില്‍ കാണാം. പതിനഞ്ചു വയസ്സ് തികയാത്ത ആരെയും അന്ന് യുദ്ധത്തില്‍ പങ്കെടുപ്പിക്കുമായിരുന്നില്ലല്ലോ. യുദ്ധത്തില്‍ മുറിവേറ്റവരെ ശ്രുശൂഷിക്കാനും മറ്റുമായിരുന്നു അന്ന് സ്ത്രീകളെ കൊണ്ട് പോയിരുന്നത്. പേടിച്ചു അലറി കരയുന്ന പ്രായത്തില്‍ ഉള്ള കുട്ടികളെ മറ്റുള്ളവര്‍ക്ക് കൂടി അധിക ബാധ്യത ആകുന്ന വിധത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചിരുന്നില്ല എന്നതിനാല്‍ ഹിജ്‌റ രണ്ടാം വര്‍ഷം നടന്ന ബദര്‍ യുദ്ധ സമയത്ത് ആയിഷ (റ)ക്ക് പതിനഞ്ചു വയസ്സില്‍ അധികം പ്രായം കാണണം.

3. മറ്റൊരു ചരിത്രകാരനായ ഇബ്‌നു ഹിശാമിന്റെ അഭിപ്രയത്തില്‍ ഉമര്‍ (റ) ഇസ്ലാം സ്വീകരിക്കുന്നത്തിന്റെ തൊട്ടു മുമ്പാണ് ആയിഷ (റ) ഇസ്ലാം സ്വീകരിക്കുന്നത്. അങ്ങിനെയെങ്കില്‍ പ്രബോധനത്തിന്റെ ഒന്നാം വര്‍ഷം തന്നെ ഇസ്ലാം സ്വീകരിക്കാന്‍ ഉള്ള വിവേകം എത്തിയ പ്രായം ആവണം ആയിഷ (റ) വിന്. അന്ന് ആയിഷ (റ) കുറഞ്ഞത് അഞ്ചു വയസ്സ് പ്രായം എന്ന് കരുതിയാല്‍ പോലും ഹിജ്‌റ സമയത്ത് അവരുടെ പ്രായം കുറഞ്ഞ 17 ആയിരിക്കും . ഹിജ്‌റ സമയത്ത് ഒന്‍പത് വയസ്സാണ് ആയിഷ (റ)ക്ക് എന്ന് വാശിപിടിക്കുന്നവര്‍ ആയിഷ (റ) ജനിക്കുന്നതിനു 8 കൊല്ലം മുമ്പ് ഇസ്ലാം സ്വീകരിച്ച കാര്യം ആണ് ഇബ്‌നു ഹിഷാം പറഞ്ഞത് എന്ന് പറയേണ്ടിവരും.

4. ത്വബ്‌രിയുടെ മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം അബ്‌സീനിയയിലേക്ക് ഹിജ്‌റ പോകുവാന്‍ അനുവാദം ലഭിച്ചപ്പോള്‍ അബൂബക്കര്‍ (റ) മുത്മഇന്റെ അടുത്ത് പോയി മകളെ സ്വീകരിക്കാന്‍ അവശ്യപെടുന്നുണ്ട്. അദ്ദേഹത്തിന്റെ മകനുമായി ആയിഷ (റ)ക്ക് വിവാഹം ആലോചിച്ചിരുന്നു. ഇസ്ലാമിനോടുള്ള ശത്രുത കാരണം മുത്ത്ഇം ആ വിവാഹാലോചനയില്‍ നിന്നും പിന്മാറി. അബ്‌സീനിയ ഹിജ്‌റ യുടെ കാലത്ത് തന്നെ ആയിഷ (റ)ക്ക് വിവാഹ പ്രായം ആയിരുന്നുവെന്നു ഈ സംഭവം വ്യക്തമാക്കുന്നു.

5. ഇബ്‌നു ഹജറുല്‍ അസ്ഖലാനിയുടെ അഭിപ്രായത്തില്‍ നബിതിരുമേനിയുടെ പുത്രി ഫാത്തിമ(റ)ക്ക് ആയിഷ (റ)യെക്കാള്‍ അഞ്ചു വയസ്സ് കൂടുതല്‍ ആണ്. തിരുമേനിയുടെ മുപ്പത്തി അഞ്ചാം വയസ്സില്‍ ആണ് ഫാത്തിമ ജനിക്കുന്നത്. ഇത് പ്രകാരം നോക്കിയാലും ഹിജ്‌റ സമയത്ത് ആയിഷക്ക്  9 വയസ്സല്ല.


ചുരുക്കത്തില്‍ വിവാഹസമയത്ത് ആയിശക്ക് ആറ് വയസ്സും ദാമ്പത്യം ബന്ധംതുടങ്ങുമ്പോള്‍ 11 വയസ്സുമായിരുന്നുവെന്നത് ചരിത്ര വസ്തുതകളോ ഹദീസിന്റെ ന്യൂനതയോ പരിഗണിക്കാതെയുള്ള പരമ്പരാഗത വിശ്വാസം മാത്രമാണ് എന്ന് വ്യക്തമാകുന്നു. പക്ഷ നാമൊക്കെ പഠിച്ചുവെച്ചത് അതായത് കൊണ്ട് ഇനിയും കുറേകാലം. അതുതന്നെ പറഞ്ഞുകൊണ്ടിരിക്കുകയും. ഇത്തരം കാര്യങ്ങള്‍ക്ക് മുഖവില കൊടുക്കാതരിക്കുകയും ചെയ്യും.

ഈ ബ്ലോഗറെ സംബന്ധിച്ചിടത്തോളം വായനക്കാര്‍ ഇതിനോട് എന്ത് നിലപാട് സ്വീകരിച്ചാലും പ്രത്യേകിച്ച് ഒന്നുമില്ല. 9 വയസ് എന്നത് വസ്തുതയല്ലെങ്കില്‍ പ്രവാകന്‍ ഇതിന്റെ പേരില്‍ ആക്ഷേപിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യരുത് എന്ന നല്ല മനസ്സ് മാത്രമാണ് ഈ ചര്‍ചക്ക് പിന്നില്‍ . മാത്രമല്ല മനസ്സിലാക്കിയ സത്യം പറയാതിരിക്കാനാവുന്നുമില്ല.

അനുകൂലവും പ്രതികൂലവുമായ വസ്തുതകള്‍ പറയാതെ പോകരുത് എന്ന് അപേക്ഷിക്കുന്നു.

(അവലംബം : ബോധനം, ഇസ്ലാമിക് സൈറ്റുകള്‍ )

2016, ഫെബ്രുവരി 8, തിങ്കളാഴ്‌ച

10 ചോദ്യങ്ങൾക്ക് യുക്തിവാദിയുടെ മറുപടി.

യുക്തിവാദികളോട് 10 ചോദ്യങ്ങൾ എന്ന പോസ്റ്റിന് അവസാനം ചില യുക്തിവാദികൾ പ്രതികരിച്ചുകണ്ടതിൽ സന്തോഷം. ബ്ലോഗിൽ ഇടപെട്ടില്ലെങ്കിലും യുക്തിവാദികളുടെ ഫെയ്സ് ബുക്ക് ഗ്രൂപ്പിൽ അക്കമിട്ടു തന്നെ മറുപടി നൽകിയിരിക്കുന്നു. 

മനുഷ്യജീവിതവുമായി ബന്ധപ്പെട്ട് ഒരോ വ്യക്തിയും സ്വയം ഉത്തരം തേടേണ്ടതുണ്ടെന്ന് ബോധ്യപ്പെട്ട ചില ചോദ്യങ്ങൾക്ക് യുക്തിവാദികൾക്ക് നൽകാൻ കഴിയുന്ന പരമാവധി മറുപടിയാണ് യുക്തിവാദി സുഹൃത്ത് നൽകിയതെന്ന്  കരുതുന്നു. മിക്ക മറുപടിക്കും എട്ടോ പത്തോ പേർ ലൈക്ക് നൽകിയിട്ടുമുണ്ട്.  5 വർഷത്തിലേറെ നീണ്ട നിരന്തരബന്ധത്തിൽ അതിനപ്പുറം ഒരു മറുപടി പ്രതീക്ഷിക്കുന്നില്ല, അവർ വിശ്വാസികളായ സുഹൃത്തുക്കളോട് ചോദിക്കുന്നതുപോലെ കേവലം പരിഹാസം ഉദ്ദേശിച്ചല്ല ആ ചോദ്യങ്ങൾ നൽകിയിട്ടുള്ളത്.  അത്തരം ചോദ്യങ്ങൾക്കുള്ള മറുപടിയെന്തോ അതാണ് അവന്റെ ജീവിതം ചിട്ടപ്പെടുത്തപ്പെടുന്നത് എന്ന കാര്യത്തിൽ സംശയമില്ല. വിശ്വാസിയും അങ്ങനെ തന്നെ. 

ഏതൊരാൾക്കും ഒരു പ്രപഞ്ചവീക്ഷണവും ജീവിത വീക്ഷണവും ഉണ്ടായിരിക്കും. അത് ഒന്നുകിൽ അവൻ സ്വയം രൂപം നൽകുന്നതോ അവൻ അവലംബിക്കുന്ന ദർശനം രൂപം നൽകിയതോ ആയിരിക്കും. യുക്തിവാദി എന്ന് ഈ ബ്ലോഗിൽ വിശേഷപ്പിക്കുന്നത് യുക്തി ഉപയോഗിച്ച് കാര്യങ്ങളെ ഗ്രഹിക്കുന്നവരെയല്ല. മറിച്ച് ഏതെങ്കിലും ഒരു മതത്തിൽ പ്രത്യേകിച്ച് വിശ്വസിക്കാതെ സ്വന്തമായി ഒരു ദൈവസങ്കൽപവും ( അത് ചിലപ്പോൾ ദൈവം ഇല്ല എന്നായിരിക്കാം) തന്റെ സൌകര്യത്തിനും യുക്തിക്കും അനുസരിച്ച വിധം ഒരു ജീവിതവീക്ഷണവും കൊണ്ടു നടക്കുന്നവരെ ഉദ്ദേശിച്ചാണ്. അത്തരമൊരു യുക്തിവാദിയുടെ പ്രപഞ്ചവീക്ഷണവും ജീവിതവീക്ഷണവും ഈ ബ്ലോഗ് വായനക്കാരെ അറിയിക്കുക എന്നതായിരുന്നു ആ ചോദ്യങ്ങളുടെ പ്രധാന ലക്ഷ്യം.   

ചോദ്യവും അതിനുള്ള യുക്തിവാദിയുടെ മറുപടിയും നമുക്ക് നോക്കാം.. 

ചോദ്യം 1. ഈ പ്രപഞ്ചം ഉണ്ടാതെങ്ങനെയാണ് ?.
(ഇതേക്കുറിച്ച് കേവലം ചില ഊഹങ്ങളല്ലാതെ വ്യക്തമായ വല്ല തെളിവുകളും നിരത്താൻ ആവുമോ? ഉണ്ടെങ്കിൽ അതെന്താണ് ?.)


യുക്തിവാദിയുടെ മറുപടി 1: 
പ്രപഞ്ചം സ്വയം ഉണ്ടായതോ ആരെങ്കിലും ഉണ്ടാക്കിയതോ അല്ല. അത് എന്നും ഇവിടെത്തന്നെ ഉണ്ടായിരുന്നു, ഇപ്പോഴുമുണ്ട്, ഇനിയെന്നും ഉണ്ടായിരിക്കുകയും ചെയ്യും. കാരണം,
യുക്തിവാദിയുടെ മറുപടി 2പ്രപഞ്ചം എന്നാല്‍ എന്താണു എന്ന ചോദ്യത്തിനു തന്നെ പൂര്‍ണമായ ഉത്തരം കണ്ടെത്തിക്കഴിഞ്ഞിട്ടില്ല ലതീഫ് ! അതിന്റെ വ്യാപ്തിയും അതിരുകളും ഒന്നും നമുക്ക് അറിയില്ല. അല്പം മാത്രമേ ഇന്നും അറിയു. അതിനാല്‍ തന്നെ എങ്ങനെ ഉണ്ടായി? എപ്പോള്‍ ഉണ്ടായി? എപ്പോഴെങ്കിലും ഇല്ലാതിരുന്നിട്ടുണ്ടോ? പ്രപഞ്ചം ഉണ്ടായിക്കഴിഞ്ഞിട്ടുണ്ടോ?അതോ ഇപ്പോഴും ഉണ്ടാകല്‍ തുടരുന്നുണ്ടോ? ഇതിനൊന്നും കിറു കൃത്യമായ ഉത്തരം മനുഷ്യനു കണ്ടെത്താനായിട്ടില്ല്ല. . അതിനാല്‍ ഈ ചോദ്യത്തിനു അറിയില്ല എന്ന ഉത്തരമേ യുക്തിവാദിക്കുള്ളു. അറിയാവുന്ന കാര്യങ്ങള്‍ വെച്ച് ചില ഊഹങ്ങള്‍ മാത്രമേ ശാസ്ത്രത്തിനു പോലും ഉള്ളു. എന്നാല്‍ ഈ പറഞ്ഞതിനര്‍ത്ഥം ആരോ പണ്ട് പറഞ്ഞൂ പോയ മുത്തശ്ശിക്കഥകള്‍ സത്യമാണു എന്നല്ല. അന്യേഷണത്തിലൂടെ നിരീക്ഷണ പരീകഷണങ്ങളിലൂടെ ശാസ്ത്രം കണ്ടെത്തിയ കാര്യങ്ങ്ളെ മാത്രമേ അറിവായി സ്വീകരിക്കാന്‍ യുക്തിവാദിക്കു കഴിയൂ !

ചോദ്യം 2.  ഈ ഭൂമിയിൽ ജീവികൾ ഉണ്ടാതെങ്ങനെ?.
(ഭൂമിയിൽ മനുഷ്യവാസം ആരംഭിച്ചിട്ട് എത്രവർഷമായി?. യുക്തിവാദമനുസരിച്ച് മനുഷ്യന് ഇതര ജീവികളിൽനിന്നും വല്ല പ്രത്യേകതയും ഉണ്ടോ?. ധാർമികമായി വല്ല നിയമവും അവൻ പിന്തുടരാൻ ബാധ്യസ്ഥനാണോ?. ഉണ്ടെങ്കിൽ അത് ആരാണ് ഉണ്ടാക്കിയത്?.) 

യുക്തിവാദിയുടെ മറുപടി 1: ജീവന്റെ ആവിർഭാവത്തെക്കുറിച്ച് വ്യക്തമായ ഒരു ചിത്രം നൽകാൻ ഇന്നുവരെ ആർക്കും സാധിച്ചിട്ടില്ല. സാമൂഹിക ജീവി എന്ന നിലയിൽ പല നിയമങ്ങളും പിന്തുടരാൻ മനുഷ്യന് ബാധ്യതയുണ്ട്. അത്തരം നിയമങ്ങൾ ആവശ്യാനുസരണം മനുഷ്യൻ തന്നെ നിർമ്മിക്കുന്നു.

യുക്തിവാദിയുടെ മറുപടി 2:  ജീവികളുടെ അടിസ്ഥാന ഘടന നിരീക്ഷിച്ചു കൊണ്ട് ശാസ്ത്രം അനുമാനിക്കുന്നത് അജൈവ പദാത്ഥങ്ങള്‍ കൂടുതല്‍ സങ്കീര്ണ ഘടന പ്രാപിച്ചപ്പോ‍ാള്‍ ഉണ്ടായ സവിശേഷ ഗുണങ്ങളാണു ജീവന്‍ എന്നാണു. അവ വീണ്ടും സങ്കീര്‍ണത കൈവരി്ച്ച് പരിണമിച്ചപ്പോള്‍ ജീവികള്‍ ഉണ്ടായി . മനുഷ്യനും ! മനുഷ്യനും ഇതര ജീവികളും തമ്മില്‍ മാത്രമല്ല വ്യത്യാസം. എണ്ണത്തിലും പിണ്ഡത്തിലൂം കൂടുതല്‍ ഉള്ള ജീവികള്‍ സൂക്ഷമജീവികളായ ഏക കോശക്കാരാണു. അവയും ബഹു കോശ ജീവികളും തമ്മില്‍ വലിയ അന്തരം ഉണ്ട്. അമീബയും പൂച്ചയും തമ്മിലുള്ള വ്യത്യാസം ഉദാഹരണം. അത്രയൊന്നും വ്യത്യാസമില്ല മനുഷ്യനും കുരങ്ങനും തമ്മില്‍.. ധാര്‍മ്മികത എന്നത് കൂട്ടമായി ജീവിക്കാന്‍ അനിവാര്യമായതു കൊണ്ട് മാത്രം ഉണ്ടായതാണു. അതു മനുഷ്യന്റെ ആവശ്യമാണു. ദൈവങ്ങളുടെ അല്ല ! അത് ഉണ്ടാക്കിയതും വികസിപ്പിച്ചതും മനുഷ്യന്‍ തന്നെ ! ദൈവങ്ങള്‍ അല്ല !!.

ചോദ്യം 3. മനുഷ്യന്റെ യഥാർത്ഥ ജീവിത ദൌത്യം എന്താണ് ?.
(അവന് ആരോടെങ്കിലും വല്ല കടപ്പാടും ഉണ്ടോ?.)

യുക്തിവാദിയുടെ മറുപടി : സുഖമായി ജീവിച്ച് മരിക്കുക എന്നതാണ് ലളിതമായിപ്പറഞ്ഞാൽ മനുഷ്യന്റെ ജീവിത ദൌത്യം. പ്രപഞ്ചത്തോടാകമാനം മനുഷ്യൻ കടപ്പെട്ടിരിക്കുന്നു. കാരണം, അവന്റെ ജീവിതം സാധ്യമാക്കുന്നതിൽ പ്രപഞ്ചത്തിലെ ഓരോ ഘടകത്തിനും അതിന്റേതായ പങ്കുണ്ട്.
ചോദ്യം 4.  മനുഷ്യന്റെ ചരിത്രത്തിൽ അവരിൽ ഭൂരിപക്ഷവും ഒരു ദൈവത്തിൽ വിശ്വസിക്കുകയോ പല ദൈവസങ്കൽപ്പങ്ങൾ വെച്ചുപുലർത്തുകയോ ചെയ്തിരുന്നു. എന്താണിതിന് കാരണം ?. 

യുക്തിവാദിയുടെ മറുപടി :  അറിവില്ലായ്മ.

ചോദ്യം 5.  മനുഷ്യൻ പിന്തുടരുന്ന ധാർമിക മൂല്യങ്ങൾ മനുഷ്യരുണ്ടാക്കിയതാണോ?.
(നിങ്ങൾ അവയെ പിന്തുടരുന്നതിന്റെ ന്യായം എന്താണ് ?. )

യുക്തിവാദിയുടെ മറുപടി: ധാർമ്മിക മൂല്യങ്ങൾക്ക് രൂപം നൽകിയത് മനുഷ്യൻ തന്നെയാണ്. എന്നാൽ, അതിന് അടിസ്ഥാനമാകുന്നത് സ്നേഹം, ദയ തുടങ്ങിയ നൈസർഗ്ഗിക വികാരങ്ങളാണ്.

ചോദ്യം 6. ഈ ലോകത്ത് പൂർണമായ നീതി പുലരുന്നതായി കാണുന്നില്ല. എന്നിരിക്കെ നീതി ലഭ്യമാക്കാത്തവരുടെ അവസ്ഥയെന്താണ്?.
(കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷ ലഭിക്കുന്നില്ല. മറ്റുള്ളവർക്ക് നന്മ ചെയ്യാനുള്ള ശ്രമത്തിനിടയിൽ മരണപ്പെടുന്നവരുടെ അവസ്ഥയെ എങ്ങനെ വിലയിരുത്തുന്നു?.) 

യുക്തിവാദിയുടെ മറുപടി: ഈ ലോകത്ത് നീതി ലഭിക്കാത്തവരുടെ അവസ്ഥയും അർഹിക്കുന്ന ശിക്ഷ ലഭിക്കാത്തവരുടെ അവസ്ഥയും പ്രതിഷേധാർഹമാണ്. മറ്റുള്ളവർക്ക് നന്മ ചെയ്യാനുള്ള ശ്രമത്തിനിടയിൽ മരണപ്പെടുന്നവരുടെ അവസ്ഥയെ കഷ്ടമെന്നേ പറയേണ്ടൂ. ഇത്തരം അനീതികൾ ആവർത്തിക്കാതിരിക്കാനായി പരിശ്രമിക്കുക മാത്രമാണ് പോംവഴി.

ചോദ്യം 7.  മതവിശ്വാസികൾ ആരോ എഴുതിയുണ്ടാക്കിയ പുസ്തകത്തെ ദൈവികമായി കണ്ട് പിന്തുടരുകയാണ് എന്നതാണല്ലോ  നിങ്ങളുടെ ആരോപണം. അങ്ങനെ തന്നെ എന്ന് വാദത്തിന് വേണ്ടി സമ്മതിച്ചാൽ ഇതിനേക്കാൾ നല്ലൊരു തത്വസംഹിതയാണോ നിങ്ങൾ പിന്തുടരുന്നത്?. 

യുക്തിവാദിയുടെ മറുപടി:   യുക്തിബോധമാണ് മാനവകുലത്തിന്റെ നിലനിൽ‌പ്പിനുതന്നെ ആധാരമായ തത്വസംഹിത. അതിനെയാണ് ഞങ്ങൾ പിന്തുടരുന്നത്.

ചോദ്യം 8.  മതമുക്തമായ ജീവിതം കൊണ്ട് നിങ്ങൾ ഈ ലോക ജീവത്തിൽ എന്ത് നേട്ടമാണ് ഉണ്ടാക്കിയത്?.
(മതവിശ്വാസികളെക്കാൾ നിങ്ങളെന്ത് ഭൌതികസുഖമാണ് അനുഭവിച്ചത്?. മാനസികമായി എന്ത് സൌഖ്യമാണ് അതുകൊണ്ട് മതവിശ്വാസികളെക്കാൾ നിങ്ങൾ അനുഭവിച്ചത്?.)

യുക്തിവാദിയുടെ മറുപടി: സ്വാതന്ത്യം - അതാണ് മതമുക്തമായ ജീവിതം കൊണ്ട് ഭൌതികമായും മാനസികമായും സാമൂഹികമായും ഞങ്ങൾക്ക് ലഭിച്ചിട്ടുള്ള നേട്ടം. മതത്തെയോ ദൈവത്തെയോ പിന്തുടരുന്നില്ല എന്നുള്ളതുകൊണ്ട് തീവ്രവാദികളുടെ ഭാഗത്തുനിന്നുള്ള ചില ഭീഷണികൾക്കപ്പുറം മറ്റു കുഴപ്പങ്ങളൊന്നും ഞങ്ങൾക്ക് ഉണ്ടാകുന്നുമില്ല.

ചോദ്യം 9. മതവിശ്വാസികൾ അവരുടെ യുക്തിയനുസരിച്ചുള്ള ജീവിതമാണ് നയിക്കുന്നത് എന്ന് അംഗീകരിക്കാൻ യുക്തിവാദികൾക്ക് എന്തുകൊണ്ടാണ് സാധിക്കാത്തത്?.
(യുക്തിഭദ്രമായ ഒരു ദൈവവീക്ഷണം നിങ്ങൾക്ക് ഇതുവരെ ലഭിച്ചില്ല എന്നതല്ലേ കാര്യം?.)
യുക്തിവാദിയുടെ മറുപടി: മതവിശ്വാസിയുടെ യുക്തി, മതവിശ്വാസമില്ലാത്തവരുടെ യുക്തി എന്നിങ്ങനെ യുക്തികൾ പല ഇനമില്ല. ഒരു ഗണിത സമവാക്യം പോലെ യുക്തി സാർവ്വ ജനീനമാണ്, സാർവ്വ കാലികമാണ്, സാർവ്വ ലൌകികമാണ്. പ്രപഞ്ചസൃഷ്ടാവിനെയാണ് ദൈവം എന്നു വിളിക്കുന്നതെങ്കിൽ ദൈവവീക്ഷണം ഒരിക്കലും യുക്തിഭദ്രമാവില്ല. കാരണം, സൃഷ്ടിയും വിനാശവും ആരാലും സാധിക്കാത്തതാണ്.
ചോദ്യം 10. 
മനുഷ്യരുടെയും മൃഗങ്ങളുടെയും മരണശേഷം ഒരേ പോലുള്ള പരിണാമമാണോ നിങ്ങൾ പ്രതീക്ഷിക്കുന്നത് ?.
(നിങ്ങളുടെ മരണശേഷം എന്ത് സംഭവിക്കും?. ഇത് നിങ്ങളുടെ കേവല വിശ്വാസമോ, അതല്ല വ്യക്തമായ തെളിവിന്റെ പിൻബലമതിനുണ്ടോ?.)
 

യുക്തിവാദിയുടെ മറുപടി: മനുഷ്യരായാലും മൃഗങ്ങളായാലും മരിച്ചാൽ സാധാരണഗതിയിൽ ശരീരം ജീർണ്ണിച്ച് വിഘടിക്കും. ഇത് തെളിയിക്കാൻ ഒരു ശവശരീരത്തിന് എന്തു സംഭവിക്കുന്നു എന്ന് നേരിട്ട് നിരീക്ഷിച്ചാൽ മാത്രം മതിയാകും.

ഈ ചോദ്യങ്ങൾക്ക് ഒരു ഇസ്ലാം മതവിശ്വാസിക്ക് നൽകാവുന്ന മറുപടി അടുത്ത പോസ്റ്റിൽ വായിക്കാം..

Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Bluehost Review